ഏക സിവില്‍ കോഡിനെതിരെ നിയമസഭയില്‍ പൊതുപ്രമേയം പാസാക്കണം: വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍
|'ഇരു മുന്നണികളും ഏക സിവിൽ കോഡിനും മണിപ്പൂരിലെ വംശഹത്യക്കുമെതിരെ പരസ്യമായി സെമിനാറുകളും പ്രതിഷേധ പരിപാടികളുമായി രംഗത്ത് വന്ന സാഹചര്യത്തിൽ, നിയമസഭയിൽ ഏക സിവിൽ കോഡിനെതിരെ പൊതുപ്രമേയം പാസാക്കാൻ മുന്നോട്ടുവരണം'
കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ നിയമസഭയില്‍ പൊതുപ്രമേയം പാസാക്കണമെന്ന് വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇതിന് മുന്‍കൈ എടുക്കണമെന്നും വിസ്ഡം ഇസ്‍ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ആവശ്യപ്പെട്ടു.
ഏക സിവിൽ കോഡിനെതിരെ നയം വ്യക്തമാക്കിയ രാഷ്ട്രീയ, മത, സാമുദായിക, സാമൂഹിക, സാംസ്കാരിക സംഘടനകളെല്ലാം സർക്കാറിൽ സമ്മർദം ചെലുത്തിയാൽ കേരള നിയമസഭ വർഗീയ അജണ്ടക്കെതിരെ മറ്റൊരു ചരിത്രദൗത്യത്തിന് കൂടിയാണ് സാക്ഷിയാകാൻ പോകുന്നതെന്ന് ടി.കെ അഷ്റഫ് കുറിച്ചു. നേരത്തെ സി.എ.എ വിഷയത്തിൽ പാസാക്കിയ പ്രമേയത്തിലൂടെ കേരളം അത് തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
കേരള നിയമസഭ നടക്കുകയാണല്ലോ.ഇരു മുന്നണികളും ഏക സിവിൽ കോഡിനും മണിപ്പൂരിലെ വംശഹത്യക്കുമെതിരെ പരസ്യമായി സെമിനാറുകളും പ്രതിഷേധ പരിപാടികളുമായി രംഗത്ത് വന്ന സാഹചര്യത്തിൽ, നിയമസഭയിൽ ഏക സിവിൽ കോഡിനെതിരെ ഒരു പൊതുപ്രമേയം പാസാക്കാൻ മുന്നോട്ടുവരണമെന്ന് അഭ്യർഥിക്കുകയാണ്. മണിപ്പൂരിൽ വേട്ടയാടപ്പെടുന്ന ജനതയോടുള്ള നിയമസഭയുടെ ഐക്യദാർഢ്യവും പീഡിത ജനവിഭാഗത്തിന് വലിയ ആശ്വാസമാകും.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്ന് അഭ്യർഥിക്കുന്നു. മറ്റു സഭാംഗങ്ങളും വിവിധ കക്ഷി നേതാക്കളും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഏക സിവിൽ കോഡിനെതിരെ നയം വ്യക്തമാക്കിയ രാഷ്ട്രീയ, മത, സാമുദായിക, സാമൂഹിക, സാംസ്കാരിക സംഘടനകളെല്ലാം സർക്കാറിൽ സമ്മർദം ചെലുത്തിയാൽ കേരള നിയമസഭ വർഗീയ അജണ്ടക്കെതിരെ മറ്റൊരു ചരിത്രദൗത്യത്തിന് കൂടിയാണ് സാക്ഷിയാകാൻ പോകുന്നത്. നേരത്തെ സി.എ.എ വിഷയത്തിൽ പാസാക്കിയ പ്രമേയത്തിലൂടെ കേരളം അത് തെളിയിച്ചതാണ്.