Kerala
ഹൈദരലി തങ്ങളുടെ വിയോഗം; സമുദായത്തിന് കനത്ത നഷ്ടം: വിസ്ഡം
Kerala

ഹൈദരലി തങ്ങളുടെ വിയോഗം; സമുദായത്തിന് കനത്ത നഷ്ടം: വിസ്ഡം

Web Desk
|
6 March 2022 2:34 PM GMT

മുസ്‌ലിം സംഘടനകളെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയാണ് അറ്റുപോയിരിക്കുന്നതെന്നും വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമുദായ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമാണെന്നും മുസ്‌ലിം സംഘടനകളെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയാണ് അറ്റുപോയിരിക്കുന്നതെന്നും വിസ്ഡം ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ. സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് എന്നിവർ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് തങ്ങളെ അനുസ്മരിച്ചത്.

മുസ്‌ലിം സംഘടനകൾക്കിടയിൽ വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ സമുദായത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നിച്ചിരിക്കാൻ സാഹചര്യമൊരുക്കുന്നതിൽ പാണക്കാട് കുടുംബത്തിന് പ്രത്യേക മെയ്‌വഴക്കമുണ്ട്. ശിഹാബ് തങ്ങൾക്ക് ശേഷം ഈ ദൗത്യം നിർവഹിച്ചിരുന്നത് ഹൈദരലി തങ്ങളായിരുന്നു. ഇന്ത്യൻ മുസ്‌ലിംകൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വർധിക്കുകയും മുസ്‌ലിം സംഘടനകളുടെ പൊതു പ്ലാറ്റ്ഫോമായ കോഡിനേഷൻ കമ്മിറ്റിയെ തകർക്കാൻ ബോധപൂർവമായ ചില നീക്കങ്ങൾ ശക്തിപ്പെടുകയും ചെയ്യുന്ന വർത്തമാന കാലത്ത് സമുദായത്തെ കൂട്ടിയോജിപ്പിക്കാൻ കഴിവുള്ളവർ ഹൈദരലി തങ്ങളുടെ വിടവ് നികത്തുമെന്ന് പ്രത്യാശിക്കുന്നു - കുറിപ്പിൽ പറഞ്ഞു.

വികാരത്തിനടിമപ്പെടുന്ന ഘട്ടങ്ങളിലെല്ലാം വിചാരത്തിന്റെ പാതയിലേക്ക് മുസ്‌ലിം സമുദായത്തെ വഴി കാണിക്കുന്നതിൽ ശിഹാബ് തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

സമൂഹത്തിലെ എല്ലാ വിഭാഗമാളുകളുടെയും പ്രശ്നങ്ങൾ കേൾക്കാൻ കഴിയുന്ന നല്ലൊരു ശ്രോതാവായിരുന്നു അദ്ദേഹം. പ്രക്ഷുബ്ദമായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലും അക്ഷോഭ്യനായി നിലകൊള്ളാൻ തങ്ങൾക്ക് സാധിച്ചിരുന്നുവെന്നും വിസ്ഡം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Wisdom Islamic Organization said the demise of Panakkad Hyderali Shihab was a great loss to the community

Similar Posts