കേരളത്തിൽ എൽ.ഡി.എഫിനൊപ്പം; ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞ് ജെ.ഡി.എസ് കേരള ഘടകം
|ജെ.ഡി.എസിന്റെ ഭാവി തീരുമാനിക്കാൻ സി.പി.എമ്മിന്റെ അംഗീകാരം ആവശ്യമില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ മാത്യൂ ടി.തോമസ് പറഞ്ഞു
കൊച്ചി: ജനതാദൾ എസ് ദേശീയ നേതൃത്വം എൻ.ഡി.എയിൽ ചേർന്നതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാവാതെ ജെ.ഡി.എസ് കേരള ഘടകം. പുതിയ പാർട്ടി രൂപീകരിക്കണമോ മറ്റ് ജനതാ പാർട്ടികളിൽ ലയിക്കണമോ എന്നകാര്യത്തിൽ കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിലും തീരുമാനമായില്ല.
ജെ.ഡി.എസിന്റെ ഭാവി തീരുമാനിക്കാൻ സി.പി.എമ്മിന്റെ അംഗീകാരം ആവശ്യമില്ലെന്ന് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷൻ മാത്യൂ ടി.തോമസ് പറഞ്ഞു. പുതിയ പാർട്ടി രൂപികരിക്കുന്നതിലും ജനതാപാർട്ടികളിൽ ലയിക്കുന്നതിലും ജെ.ഡി.എസിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. മറ്റ് സംസ്ഥാനത്തെ പാർട്ടി ഘടകങ്ങൾ ചെയ്യുന്നത് കൂടി പരിശോധിച്ച് മുന്നോട്ടുപോകാനാണ് നീക്കം.
എൻ.ഡി.എയ്‌ക്കൊപ്പം ചേർന്ന ദേശീയ നേതൃത്വത്തെ തള്ളിയെങ്കിലും ഇനി എന്ത് എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഇപ്പോഴും ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിൽക്കാനാണ് തീരുമാനം. ഈ മാസം 11ന് വീണ്ടും യോഗം ചേർന്ന് സംഘടനാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് ആലോചന.