ക്രിസ്മസും പുതുവത്സരവും എത്തിയതോടെ ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി സ്വകാര്യ ബസുകൾ; നാട്ടിലെത്താൻ വഴിയില്ലാതെ സാധാരണക്കാർ
|കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെ.എസ്.ആർ. ടി.സി അറിയിച്ചു
കണ്ണൂര്‍: ക്രിസ്തുമസും പുതുവത്സരവും എത്തിയതോടെ ബെംഗളുരുവിൽ നിന്നും കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്ക് ടിക്കറ്റ് നിരക്കുകൾ കുത്തനെ വർധിപ്പിച്ച് സ്വകാര്യ ബസുകൾ. ഭൂരിഭാഗം സ്വകാര്യ ബസുകളും ഈടാക്കുന്നത് ഇരട്ടിയിലധികം തുകയാണ്. വിമാന നിരക്കുകളിലും വൻ വർധനവാണ്. നാട്ടിലെത്താൻ വഴിയില്ലാതെ സാധാരണക്കാർ വലയുകയാണ്. കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് കെ.എസ്.ആർ. ടി.സി അറിയിച്ചു.
ബെംഗളുരുവിൽ നിന്ന് നാളെ കണ്ണൂരിലെത്താൻ സ്വകാര്യ എ സി സ്ലീപ്പർ ബസിൽ ഈടാക്കുന്നത് 2999 രൂപ.സെമി സ്ലീപ്പറെങ്കിൽ 2495 രൂപ.യാത്ര മറ്റന്നാളത്തേക്ക് മാറ്റാമെന്ന് കരുതിയാലും കാര്യമില്ല.2800 മുതൽ 3000 വരെ നൽകണം.ബെംഗ്ലുരുവിൽ നിന്ന് കോഴിക്കോടേക്കാണ് യാത്രയെങ്കിൽ ടിക്കറ്റ് നിരക്ക് 3250 മുതൽ 3500 രൂപ വരെ.
ചുരുക്കത്തിൽ നാല് അംഗങ്ങളുളള ഒരു കുടുംബത്തിന് നാട് പിടിക്കാൻ ചെലവ് 12000 ൽ അധികം വേണം .ഇനി ആകാശ യാത്രയെ ആശ്രയിക്കാമെന്ന് കരുതിയാൽ അവിടെയും കൊളള തന്നെ.ബംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോയുടെ മൂന്ന് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിൻറെ ഒരു സർവ്വീസുമാണ് ദിനംപ്രതിയുളളത്.സാധാരണ നിലയിൽ 3000 മുതൽ 4000 വരെയാണ് ടിക്കറ്റ് നിരക്ക് എങ്കിൽ നിലവിലിത് 8000 മുതൽ 13000 വരെയായി ഉയർന്നിട്ടുണ്ട്. ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായ ആയിരക്കണക്കിന് പേരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.ട്രയിൻ സർവീസുകളുടെ പരിമിതിയാണ് യാത്രാ ക്ലേശത്തിന്‍റെ പ്രധാന കാരണം.ഇത്തവണ സ്പെഷ്യൽ ട്രെയിനുകൾ ഇല്ലാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടി. ഇന്ന് മുതൽ 23 വരെ ബെംഗളുരുവിലേക്ക് കണ്ണൂരിൽ നിന്നും അധിക സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. എന്നാൽ അത് യാത്രാ ക്ലേശത്തിനുളള പരിഹാരമാകുമോ എന്ന ആശങ്കയിലാണ് ബെംഗളൂരുവിലെ മലയാളികൾ.