കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു
|എൽ.ഡി.എഫും യു.ഡിഎഫും 20ൽ20ഉം അവകാശപ്പെടുമ്പോൾ ഒരു സീറ്റെങ്കിലും നേടി മാനം കാക്കാനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി.
തിരുവനന്തപുരം: കോണ്‍ഗ്രസ് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ കാഹളം സംസ്ഥാനത്ത് മുഴങ്ങി. രാഷ്ട്രീയ പാർട്ടികളുടെ സകല അടവുകളും വരും നാളുകളില്‍ പുറത്ത് വരും. മാസപ്പടി മുതല്‍ പത്മജ വരെ രാഷ്ട്രീയ കേരളത്തെ ചൂട് പിടിപ്പിക്കും. എല്‍.ഡി.എഫും യു.ഡിഎഫും ട്വന്‍റി ട്വന്‍റി അവകാശപ്പെടുമ്പോള്‍ ഒരു സീറ്റെങ്കിലും നേടി മാനം കാക്കാനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി.
ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ് അങ്കത്തട്ടിലിറങ്ങി. എല്ലാവരും അതാത് മണ്ഡലങ്ങളിലെ നിയമസഭ മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തി. മണ്ഡലത്തിലെ പൗരപ്രമുഖരെ കണ്ട് പിന്തുണയും അഭ്യർത്ഥിച്ചു.
തെരഞ്ഞെടുപ്പ് ഓട്ടത്തിന്‍റെ ആദ്യലാപ്പില്‍ നേരിയ മേല്‍ക്കൈ ഇടത് സ്ഥാനാർത്ഥികള്‍ നേടിയെന്നാണ് നേതൃത്വത്തിന്‍റെ അവകാശവാദം. എല്‍.ഡി.എഫിനെ അപേക്ഷിച്ച് ചെറുതായി ഒന്ന് വൈകിയെങ്കിലും യുഡിഎഫ് തെരഞ്ഞെടുപ്പ് ട്രാക്കില്‍ ഒട്ടും പിന്നിലല്ല. മത്സരിക്കുന്നതില്‍ മിക്കതും സിറ്റിംങ് എംപിമാർ ആയത് കൊണ്ട് അവർ പരസ്യപ്രചരണം നടത്തിയില്ലെങ്കിലും മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെയായിരിന്നു. ഒരു സീറ്റെങ്കിലും ലക്ഷ്യം വെച്ചാണ് ബിജെപിയുടെ ഇറക്കം. അതിന് ജനങ്ങള്‍ അവസരം നല്‍കുമോ എന്ന് കാത്തിരുന്ന് കാണണം.
ഒന്ന് രണ്ട് മണ്ഡലങ്ങളില്‍ ത്രികോണ പോരാട്ടം ഉണ്ടെങ്കിലും ബാക്കിയുള്ള സ്ഥലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും നേർക്ക് നേരാണ് പോരാട്ടം. സ്ഥാനാർത്ഥി ചിത്രം വ്യക്തമായതോടെ പ്രചാരണവിഷയങ്ങളിലായിരിക്കും ഇനി മുന്നണികളുടെ കണ്ണും കാതും... രണ്ട് മുന്നണികള്‍ക്കും വിഷയങ്ങള്‍ നിരവധി. ഏറ്റവും ഒടുവില്‍ വീണ് കിട്ടിയ പത്മജയുടെ ബിജെപി പ്രവേശനം എല്‍ഡിഎഫിന് ബോണസാണ്.
കോണ്‍ഗ്രസ് നേതാക്കളെ ജയിപ്പിച്ചാല്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിന് ആക്കം കൂട്ടി. എല്ലാ മണ്ഡലങ്ങളിലും ഇത് പറയാനാണ് എല്‍ഡിഎഫ് തീരുമാനം. ന്യൂനപക്ഷവോട്ട് ബാങ്കില്‍ കാര്യമായി കണ്ണ് വയ്ക്കുന്ന ഇടത് മുന്നണി ഫലസ്തീന്‍,മണിപ്പൂർ വിഷയങ്ങള്‍ ആളിക്കത്തിക്കും. അയോദ ക്ഷേത്ര വിഷയത്തിലെ കോണ്‍ഗ്രസിന്‍റെ അയഞ്ഞ നിലപാട് ഉയർത്തി അവർക്ക് മൃദുഹിന്ദുത്വമാണെന്ന് പറയും. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നത് മുഖ്യമന്ത്രി അടക്കമുള്ളവർ ഉയർത്തും. യുഡിഎഫിന്‍റെ കയ്യിലുമുണ്ട് മറുമരുന്ന്.
മാസപ്പടിയാണ് പ്രധാന പ്രചരണവിഷയം. മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചായിരിക്കും പ്രചാരണം. എസ് എഫ് ഐഒ അന്വേഷണം തെരഞ്ഞെടുപ്പ് രംഗത്ത് വലിയ ചർച്ചയാക്കാനാണ് യുഡിഎഫ് തീരുമാനം. ക്ഷേമപെന്‍ഷന്‍ നല്‍കാത്തതും,വന്യജീവി അക്രമണവും,വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്‍റെ മരണം വരെ യുഡിഎഫിന്‍റെ കയ്യിലുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്ന് പ്രതിപക്ഷം ജനങ്ങളോട് പറയും. പത്മജ വിഷയത്തില്‍ കാര്യമായ പ്രതികരണം വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം.