Kerala
Sachindev MLA
Kerala

മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം: സച്ചിൻ ദേവ് എം.എൽ.എ ബസിൽ കയറിയെന്ന് സാക്ഷി മൊഴി

Web Desk
|
27 May 2024 5:44 AM GMT

ബസിൽ കയറിയ സച്ചിൻദേവ്, തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എം.എൽ.എ, ബസിൽ കയറിയ കാര്യം കണ്ടക്ടർ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തി.

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുണ്ടായ വാക്കുതർക്കത്തിനിടെ ആര്യയുടെ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിൻ ദേവ് ബസിൽ കയറിയെന്ന് യാത്രക്കാരും കണ്ടക്ടറും മൊഴി നൽകി.

ബസിൽ കയറിയ സച്ചിൻദേവ്, തമ്പാനൂര്‍ ഡിപ്പോയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. എം.എൽ.എ, ബസിൽ കയറിയ കാര്യം കണ്ടക്ടർ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തി. താൻ ബസിന്റെ ഫുട്ബോർഡിലാണ് കയറിയതെന്നും ഉള്ളിലേയ്ക്ക് പ്രവേശിച്ചില്ലെന്നുമാണ് സച്ചിൻ ദേവ് മുൻപ് പറഞ്ഞിരുന്നത്.

സർവീസ് എന്തുകൊണ്ട് മുടങ്ങി എന്ന കാരണം കെ.എസ്.ആർ.ടി.സിയിൽ നൽകേണ്ടതുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടർ ട്രിപ്പ് ഷീറ്റ് തയ്യാറാക്കിയത്. ഇതിലാണ് സച്ചിൻ ദേവ് എം.എൽ.എ. ബസിൽ കയറിയതായി രേഖപ്പെടുത്തിയിട്ടുള്ളത്. മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയും സംഘവും ചേർന്ന് ബസ് തടഞ്ഞു നിർത്തുകയും സർവീസ് തടസപ്പെടുത്തുകയും ചെയ്തു എന്നാണ് യദുവിന്റെ പരാതി.

അതിനിടെ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. സംഭവം പുനരാവിഷ്കരിച്ചതിലൂടെ കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദു, ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്നതിന്റെ തെളിവുകളാണ് ലഭിച്ചത്. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു പുനരാവിഷ്കാരം.

പട്ടം പ്ലാമൂട് മുതൽ പി.എം.ജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിൻ്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവ നടന്ന രാത്രി സമയത്തായിരുന്നു പരിശോധന.

watch video report


Similar Posts