മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം
|സുനിൽ കുമാറിന് കാഴ്ചാക്കുറവില്ലെന്നാണ് പരിശോധനാ ഫലം വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽ കുമാറിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദേശം. സുനിൽ കുമാറിന് കാഴ്ചാക്കുറവില്ലെന്നാണ് പരിശോധനാ ഫലം വിശദമായ മെഡിക്കൽ റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും .
ഇന്നലെയാണ് മധു വധക്കേസിലെ 29ാം സാക്ഷി സുനിൽകുമാർ കൂറു മാറിയത്. മധുവിനെ മർദ്ദിക്കുന്നത് ഉൾപ്പെടെ കണ്ടിരുന്നു എന്നായിരുന്നു നേരത്തെ സുനിൽകുമാർ പൊലീസിന് മൊഴി നൽകിയിരുന്നത്. കോടതിയിൽ ഇന്നലെ ഇത് മാറ്റി പറഞ്ഞു. തുടർന്ന് മധുവിനെ മർദ്ദിക്കുന്നത് സുനിൽകുമാർ നോക്കിനിൽക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിയിൽ പ്രദർശിപ്പിച്ചു. അതോടെ തനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്ന് സുനിൽകുമാർ പറഞ്ഞു.
തുടർന്ന് കോടതി സുനിൽ കുമാറിന്റെ കാഴ്ചശക്തി പരിശോധിക്കാൻ നിർദേശിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ച് കാഴ്ച പരിശോധന നടത്തി. കാഴ്ചശക്തിക്ക് യാതൊരു പ്രശ്നവുമില്ല എന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും തുടർന്നാവും സാക്ഷിയെ വിസ്തരിക്കുക. സുനിൽകുമാർ പറഞ്ഞത് കള്ളമാണെന്ന് കണ്ടെത്തിയാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഉൾപ്പെടെ നടപടി ഉണ്ടാവാനാണ് സാധ്യത. സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനിലെ വനം വകുപ്പിന്റെ താൽക്കാലിക വാച്ചറാണ് സുനിൽകുമാർ. കൂറു മാറിയതോടെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.