Kerala
അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിൽ രോഗി മരിച്ച സംഭവം: മെഡിക്കൽ കോളജിലെ രണ്ട് വകുപ്പ് മേധാവികൾക്ക് സസ്‌പെൻഷൻ
Kerala

അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിൽ രോഗി മരിച്ച സംഭവം: മെഡിക്കൽ കോളജിലെ രണ്ട് വകുപ്പ് മേധാവികൾക്ക് സസ്‌പെൻഷൻ

Web Desk
|
20 Jun 2022 3:21 PM GMT

രോഗി ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നും ഡയാലിസിസ്‌ നൽകേണ്ടി വന്നതുകൊണ്ടാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് മെഡിക്കൽ കോളജിന്റെ വിശദീകരണം.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയിൽ യൂറോളജി, നെഫ്രോളജി വിഭാഗം മേധാവിമാരെ സസ്പെൻഡ് ചെയ്തു. ഏകോപനത്തിൽ പിഴവുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

പ്രോട്ടോക്കോൾ പാലിക്കപ്പെട്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവുകയുള്ളൂ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ രോഗി ഗുരുതരാവസ്ഥയിൽ ആയിരുന്നെന്നും ഡയാലിസിസ്‌ നൽകേണ്ടി വന്നതുകൊണ്ടാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് മെഡിക്കൽ കോളജിന്റെ വിശദീകരണം.

അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായാണ് പരാതി. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്ത്രക്രിയ നാലുമണിക്കൂര്‍ വൈകിയെന്നു പരാതി ഉയർന്നിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു.

വൈകിട്ട് 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തി. എന്നാൽ, വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാൻ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ ഓപറേഷന്‍ തിയേറ്ററിന് മുന്നില്‍ പെട്ടി എത്തിയെങ്കിലും അര്‍ഹിച്ച രീതിയില്‍ പരിഗണിച്ചില്ല. പിന്നീട് ചില ജീവനക്കാരാണ് പെട്ടി വാങ്ങിയത്. ശസ്ത്രക്രിയ നടന്നത് രാത്രി ഒമ്പതിന് ശേഷവും. ശസ്ത്രക്രിയ വിജയിക്കാത്തതിനെ തുടർന്ന് സുരേഷ് തിങ്കളാഴ്ച പുലർ‌ച്ചെ മരിക്കുകയായിരുന്നു.

Summary-organ donation mishap; two doctors of thiruvanathapuram medical college suspended

Related Tags :
Similar Posts