Kerala
Woman arrested for stealing gold from relatives houses in Kollam
Kerala

കൊല്ലത്ത് ബന്ധുവീടുകളിൽ നിന്ന് സ്വർണം കവർന്ന യുവതി പിടിയിൽ

Web Desk
|
27 Oct 2024 11:38 AM GMT

ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും അതിനുളള സാമ്പത്തിക ശേഷി ഇവർക്കില്ലെന്നും പൊലീസ് മനസിലാക്കി.

കൊല്ലം: കൊല്ലത്ത് ബന്ധുകളുടെയും സുഹൃത്തുക്കളുടേയും വീടുകളിൽ നിന്ന് 17 പവൻ സ്വർണം കവർന്ന യുവതി അറസ്റ്റിൽ. ഭജനമഠം സ്വദേശി മുബീനയാണ് ചിതറ പൊലീസിന്റെ പിടിയിലായത്. കിഴിനിലയിലെ മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ ആറു പവൻ താലിമാല, ഒരു പവൻ വള, ഒരു പവൻ വീതമുളള രണ്ട് കൈചെയിനുകൾ, രണ്ട് ഗ്രാം തൂക്കം വരുന്ന രണ്ട് കമ്മലുകൾ എന്നിവയാണ് ഏറ്റവുമൊടുവിൽ മോഷണം പോയത്. ഒക്ടോബർ പത്തിനാണ് സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്.

തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചതോടെ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്തോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങിപ്പോവുന്ന ദൃശ്യം ലഭിച്ചു. തുടർന്ന് 12ന് മുനീറ ചിതറ സ്റ്റേഷനിൽ പരാതി നൽകുകയും മുബീനയെ സംശയം ഉണ്ടെന്ന് പൊലീസിനോട് പറയുകയും ചെയ്തു.

സമാനമായ മറ്റൊരു സ്വർണ മോഷണ പരാതി ജനുവരിയിൽ ചിതറ സ്റ്റേഷനിൽ മുബീനയുടെ സുഹൃത്തായ അമാനി നൽകിയിരുന്നു. ഇതിലും മുബീനയെയാണ് സംശയമെന്ന് പറഞ്ഞിരുന്നു. ആ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനയ്ക്കെതിരെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഭർതൃസഹോദരി പുതിയ പരാതി നൽകുന്നത്. തുടർന്ന് പൊലീസ് മുബീനയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഇവരുടെ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്.

മുബീന ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും അതിനുളള സാമ്പത്തിക ശേഷി ഇവർക്കില്ലെന്നും പൊലീസ് മനസിലാക്കി. ഒന്നരലക്ഷം രൂപയുടെ ഫോണാണ് മുബീന ഉപയോഗിച്ചിരുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മോഷണം നടത്തിയെന്ന് സമ്മതിക്കാൻ മുബീന ആദ്യം തയാറായില്ല. തുടർന്ന് തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ചോദ്യംചെയ്യലിൽ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന സമ്മതിച്ചു.

ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്ന് മുബീന പൊലീസിനോട് പറഞ്ഞു. കുറച്ച് സ്വർണവും പണവും പൊലീസ് യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. മെഡിക്കൽ പരിശോധനകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്യും. സ്വർണം വിൽപ്പന നടത്തിയ ജ്വല്ലറികളിൽ തെളിവെടുപ്പ് നടത്താനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Similar Posts