ട്രെയിനിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസ്; പ്രതി പിടിയിൽ
|നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് പിടിയിലായത്.
ട്രെയിനിൽ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട ചിറ്റാറിൽ നിന്നാണ് നൂറനാട് സ്വദേശി ബാബുക്കുട്ടനെന്ന പ്രതിയെ പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇയാളെ ചെങ്ങന്നൂർ റെയിൽവെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും പിന്നീട് കോട്ടയത്തേക്ക് കൊണ്ടു പോവുകയും ചെയ്തു.
ഏപ്രിൽ 28 നാണ് ഗുരുവായൂര്‍- പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്. മുളന്തുരുത്തി സ്വദേശിനിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. ചെങ്ങന്നൂർ ഹയർസെക്കന്‍ററി സ്‌കൂളിലെ ജീവനക്കാരിയായ യുവതി ജോലിക്കായി വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. വനിത കമ്പാര്‍ട്ട്മെന്‍റില്‍ വെച്ച് യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരിവാങ്ങുകയായിരുന്നു പ്രതി. തുടര്‍ന്ന് ആക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് യുവതി ട്രെയിനില്‍ നിന്ന് വീണത്. യുവതിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്ക് ശേഷം ഇന്നാണ് ഇവര്‍ ആശുപത്രി വിട്ടത്.
ട്രെയിനിൽ ഇത്തരത്തിൽ ആളുകളെ ആക്രമിച്ച് പണം കവരുന്നവരുടെ ഫോട്ടോ യുവതിയെ കാണിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. 20ഓളം ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്.