'കെ.സ്വിഫ്റ്റിലെ ആക്രമണത്തിന് കാരണം വിവാഹാഭ്യർഥന നിരസിച്ചത്': യുവതിയുടെ മൊഴി
|പ്രതിയായ വയനാട് മൂലങ്കാവ് സ്വദേശി സനിലിനെതിരെ തിരൂരങ്ങാടി പോലീസ് വധശ്രമത്തിനു കേസെടുത്തു
മലപ്പുറം: മലപ്പുറം കക്കാട് കെ സ്വിഫ്റ്റ് ബസ്സിലെ ആക്രമണത്തിന് കാരണം വിവാഹ അഭ്യർഥന നിരസിച്ചതാണെന്ന് യുവതിയുടെ മൊഴി. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും സംശയത്തെ തുടർന്നാണ് പ്രതി യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. പ്രതിയായ വയനാട് മൂലങ്കാവ് സ്വദേശി സനിലിനെതിരെ തിരൂരങ്ങാടി പോലീസ് വധശ്രമത്തിനു കേസെടുത്തു .
രണ്ട് വർഷം മുമ്പ് കോയമ്പത്തൂരിൽ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെ ആണ് വയനാട് മൂലങ്കാവ് സ്വദേശി സനിലിനെ യുവതി പരിചയപ്പെടുന്നത്. ഇതിനിടെ യുവതിയോട് സനിൽ വിവാഹാഭ്യർത്ഥന നടത്തി, യുവതി ആവശ്യം നിരസിച്ചു. ഇതിന് പിന്നാലെയാണ് സനിൽ യുവതിയെ ആക്രമിച്ചത്. ഇന്നലെ അങ്കമാലിയിൽ നിന്ന് ആണ് യുവതി മൂന്നാർ - ബംഗളുരു സർവീസ് നടത്തുന്ന കെ സ്വിഫ്റ്റ് ബസിൽ കയറിയത്. സനിൽ എടപ്പാളിൽ നിന്ന് ഇതെ ബസിൽ കയറി.
ബസ് മലപ്പുറം കോട്ടക്കൽ പിന്നിട്ട ശേഷം യുവതി സനിലിനൊപ്പം ബസിൽ പിറകിലെ സീറ്റിൽ പോയിരുന്നു. രാത്രി 10:30 ഓടെ ബസ് മലപ്പുറം കക്കാട് എത്തിയ സമയം സനിൽ ബാഗിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ കുത്തി . അലർച്ച കേട്ട് മറ്റ് യാത്രികർ എത്തുമ്പോഴേക്കും സനിൽ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . യുവതിയെ പിന്തുടർന്നാണ് സനിലെത്തിയതെന്നും, സംശയമാണ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയും യുവാവും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു . ആക്രമണമുണ്ടായ ബസിൽ ശാസ്ത്രീയ പരിശോധനയടക്കം പോലീസ് നടത്തി ,