സി ഐക്ക് ശബ്ദസന്ദേശം അയച്ച് യുവതി മരിച്ച സംഭവം; ക്ഷേത്രം പ്രസിഡന്റ് അറസ്റ്റിൽ
|യുവതിയെ മുൻപ് ആക്രമിച്ച കേസിലാണ് അറസ്റ്റ്
തിരുവനന്തപുരം: ഉള്ളൂരിൽ സി ഐക്ക് ശബ്ദസന്ദേശം അയച്ച് യുവതി ജീവനൊടുക്കി കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം പുള്ളൂർ പുലയന്നാർകോട്ട ക്ഷേത്രം പ്രസിഡന്റ് അശോകൻ ആണ് അറസ്റ്റിലായത്. യുവതിയെ മുൻപ് ആക്രമിച്ച കേസിലാണ് അറസ്റ്റ്. വിജയകുമാരിയുടെ കുറിപ്പിൽ അശോകന്‍റെ പേര് ഉണ്ടായിരുന്നു. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് അശോകൻ വിജയകുമാരിയെ അക്രമിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയകുമാരിയെ വീടിന് പിന്നാമ്പുറത്തെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് മെഡിക്കൽ കോളേജ് സി.ഐക്ക് ഇവർ ശബ്ദസന്ദേശം അയച്ചിരുന്നു.
ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും താൻ നിസ്സായണെന്നും അതിനാൽ ഇനി മുന്നോട്ട് പോകാനാവില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. വിജയകുമാരിയുടെ വീടിനോട് ചേർന്നുള്ള അതിർത്തി കല്ല് ക്ഷേത്ര ഭാരവാഹിയായ അശോകൻ പിഴിതുമാറ്റുകയും ഈ സമയത്ത് അവിടെയെത്തിയ വിജയകുമാരിയെ ഇത് തടയാൻ ശ്രമിച്ചു. തുടർന്ന് ഇവർക്ക് വലിയ തോതിൽ മർദനമേറ്റു. മൺവെട്ടി കൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു.
പിന്നീട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്ന് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്‌തെങ്കിലും പ്രധാന പ്രതിയായ അശോകനെ കസ്റ്റഡിയിലെടുത്തില്ല. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷവും ഇവർക്കെതിരെ ആക്രമണം തുടർന്നു. തുടർന്ന് ജീവിക്കാൻ ഒരു മാർഗവുമില്ലെന്ന് പറഞ്ഞാണ് ഇവർ ഓഡിയോ സന്ദേശമയച്ച് ജീവനൊടുക്കിയത്.