കണ്ണൂരിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് കാൽനട യാത്രികയ്ക്ക് ദാരുണാന്ത്യം
|കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സിപിഒ ലിതേഷ് ഓടിച്ച കാറാണ് ബീനയെ ഇടിച്ചുതെറിപ്പിച്ചത്.
കണ്ണൂർ: കണ്ണൂരിൽ പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശി ബീനയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റോഡിന്റെ ഇടതുവശത്തുകൂടി നടന്നുപോവുകയായിരുന്ന ബീനയെ പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബീന തെറിച്ച് സമീപത്തെ കടവരാന്തയിൽ ചെന്നുവീണു. തെറിച്ചുവീണ ബീനയുടെ തല ശക്തിയായി തറയിലിടിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്.
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സിപിഒ ലിതേഷ് ഓടിച്ച കാറാണ് ബീനയെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് ബീനയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബീനയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞുവച്ച ശേഷം പൊലീസിനെ അറിയിച്ചു. തുടർന്ന് ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തുകയും കാറോടിച്ചിരുന്ന സിപിഒ ലിതേഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തുടർന്ന് വൈദ്യപരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയ്ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയിരുന്നു. തിരിച്ചെത്തിയ ശേഷം ഇന്ന് ടൗൺ പൊലീസ് സ്റ്റേഷനിൽ വീണ്ടും ജോലിയിൽ പ്രവേശിക്കാനായി വരുന്ന വഴിക്കായിരുന്നു അപകടം.