Kerala
വഞ്ചിയൂർ വെടിവെപ്പ്; അക്രമിയെത്തിയ കാറിന്റെ ദൃശ്യം പുറത്ത്, നമ്പർ വ്യാജമെന്ന് പൊലീസ്
Kerala

വഞ്ചിയൂർ വെടിവെപ്പ്; അക്രമിയെത്തിയ കാറിന്റെ ദൃശ്യം പുറത്ത്, നമ്പർ വ്യാജമെന്ന് പൊലീസ്

Web Desk
|
28 July 2024 9:54 AM GMT

വെടിയുതിർത്ത ശേഷം തിരികെ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തിരുവനന്തപുരം: വഞ്ചിയൂർ വെടിവെപ്പിൽ അക്രമിയെത്തിയ കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. വെടിയുതിർത്ത ശേഷം തിരികെ പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. സെലേരിയോ കാറിന് സ്വിഫ്റ്റ് കാറിന്റെ നമ്പറാണ് പതിപ്പിച്ചിരിക്കുന്നത്.

വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശി ഷിനിയെയാണ് എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. നാഷണൽ ഹെൽത്ത്‌ മിഷനിലെ ജീവനക്കാരിയായ ഷിനിയുടെ ചെമ്പകശ്ശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലെയ്നിലുള്ള വീട്ടിൽക്കയറി അക്രമി വെടിയുതിർക്കുകയായിരുന്നു. അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈയിൽ പരിക്കേറ്റ ഷിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷിനിക്ക് പാഴ്സൽ നൽകാനെന്ന വ്യാജേനയാണ് അക്രമിയെത്തിയത്. തുടർന്ന് കൈയിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് രണ്ടുതവണ വെടിയുതിർത്തു. ഇത് തടയാൻ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയിൽ വെടിയേറ്റത്. പാഴ്സൽ വാങ്ങാൻ ഷിനി തന്നെ വരണമെന്ന് അക്രമി നിർബന്ധം പിടിച്ചതായി ഷിനിയുടെ ഭർതൃപിതാവ് ഭാസ്കരൻ നായർ പറഞ്ഞു. തലയും മുഖവും മറച്ചിരുന്നതിനാൽ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അക്രമകാരണം വ്യക്തമായിട്ടില്ലെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

Similar Posts