കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയെ പാമ്പ് കടിച്ചു
|അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കാലിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടി എഴുന്നേറ്റപ്പോഴാണ് പാമ്പിനെ കണ്ടത്
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലതക്കാണ് പാമ്പ് കടിയേറ്റത്.
ഇന്നലെ അർധരാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. പേ വാർഡിൽ അഡ്മിറ്റായ ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ലത. വാർഡിൽ നിലത്ത് പായ വിരിച്ചായിരുന്നു ഇവർ കിടന്നിരുന്നത്. രാത്രി വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടി എഴുന്നേറ്റപ്പോഴാണ് പാമ്പിനെ കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തുകയായിരുന്നു.
അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. ലതയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന ലത അപകടനില തരണം ചെയ്തുവെന്നാണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വാർഡിനുള്ളിൽ എങ്ങനെയാണ് പാമ്പ് കടന്നതെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.