പൂച്ച കടിച്ചതിന് കുത്തിവെപ്പെടുക്കാനെത്തി; ആശുപത്രിയിൽ വെച്ച് യുവതിക്ക് തെരുവുനായയുടെ കടിയേറ്റു
|പ്രാഥമിക ചികിത്സ പോലും നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ലെന്ന് അപർണ പറഞ്ഞു
തിരുവനന്തപുരം: പൂച്ച കടിച്ചതിനെ തുടർന്ന് പേവിഷബാധയ്ക്ക് എതിരായ കുത്തിവെപ്പ് എടുക്കാനെത്തിയ യുവതിക്ക് സർക്കാർ ആശുപത്രിക്കുള്ളിൽ വെച്ച് തെരുവ് നായയുടെ കടിയേറ്റു. തിരുവനന്തപുരം ചപ്പാത്ത് സ്വദേശി അപർണയ്ക്കാണ് കടിയേറ്റത്. പ്രാഥമിക ചികിത്സ പോലും നൽകാൻ ആശുപത്രി ജീവനക്കാർ തയ്യാറായില്ലെന്ന് അപർണ പറഞ്ഞു.
ഇന്ന് രാവിലെ എട്ട് മണിക്കാണ് അപർണയ്ക്ക് വിഴിഞ്ഞം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനകത്ത് വെച്ച് തെരുവുനായയുടെ കടിയേറ്റത്. രണ്ടാഴ്ച മുമ്പ് പൂച്ചയുടെ കടിയേറ്റ അപർണ രണ്ടാം ഡോസ് വാക്സിനെടുക്കാൻ എത്തിയതായിരുന്നു. ആശുപത്രിക്കുള്ളിൽ കിടന്നിരുന്ന നായ അപർണയുടെ കാലിനാണ് കടിച്ചത്. കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
എന്നാൽ, പ്രാഥമിക ചികിത്സ നൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ല. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് മുറിവ് കഴുകി കൊടുത്തത്.
അപർണ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ തൃശൂർ ചാലക്കുടിയില്‍ ഏഴ് തെരുവുനായകളെ ചത്ത നിലയില്‍ കണ്ടെത്തി.താലൂക് ആശുപത്രി, പോലീസ് സ്റ്റേഷൻ പരിസരങ്ങളിലായാണ് ജഡം കണ്ടെത്തിയത്..വിഷം കൊടുത്ത് കൊന്നതാണെന്നാണ് സൂചന.