'ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെ പുറത്താക്കണം'; ആവശ്യം ശക്തമാകുന്നു
|നടിയുടെ പരാതിയില്‍ നിയമോപദേശം തേടി നടപടി സ്വീകരിക്കണമെന്ന് ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ
തിരുവനന്തപുരം: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവർത്തകർ. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും സ്ത്രീപക്ഷ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
രഞ്ജിത്തിനെതിരായ ആരോപണത്തിൽ നിയമജ്ഞരുടെ സഹായം തേടി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചലച്ചിത്ര അക്കാദമി അംഗം എൻ. അരുൺ ആവശ്യപ്പെട്ടു. സംവിധായകൻ ജോഷി ജോസഫ് നടിയുടെ ആരോപണം ശരിവച്ചിട്ടുണ്ട്. ഇത് ഗൗരവത്തോടെ കാണണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച മാത്രം പോര. നിയമനടപടികളും വേണമെന്നും അദ്ദേഹം മീഡിയവണിനോട് പ്രതികരിച്ചു.
അതിനിടെ, രഞ്ജിത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്കു പരാതി നല്‍കി. ബംഗാളി നടിയുടെ ആരോപണം അന്വേഷിച്ച് കേസെടുക്കണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ടാണ് പരാതി നൽകിയത്.
നടി പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കാമെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചത്. രാജ്യത്തെ തന്നെ പ്രഗത്ഭനായ കലാകാരനാണ് അദ്ദേഹം. കേസിൽ അദ്ദേഹം നിരപരാധിയാണെങ്കിൽ എന്തു ചെയ്യും. പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷിച്ചു വേണം കുറ്റക്കാരനാണോയെന്ന് അറിയാനെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Summary: Women activists demand action against director Ranjith on the complaint of Bengali actress