നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു യുവതികളും മരിച്ച നിലയില്‍
|പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടികൂടുന്നത് സഹിക്കാനാകില്ല, കുഞ്ഞിന്റെ അമ്മ രേഷ്മ വഞ്ചകിയെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പ്.
കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നിവരെയാണ് ഇത്തിക്കരയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രേഷ്മയുടെ ഭർത്താവിന്റെ സഹോദര ഭാര്യയാണ് ആര്യ. ഭർത്താവിന്റെ സഹോദരി പുത്രിയാണ് ഗ്രീഷ്മ. നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയായ രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. രേഷ്മ ഗർഭിണിയായിരുന്നതും പിന്നീട് നവജാത ശിശുവിനെ ഉപേക്ഷിച്ചതും ബന്ധുക്കളായ യുവതികൾക്ക് അറിയാമായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചത്.
പാരിപ്പള്ളി സ്റ്റേഷനിൽ എത്തി മൊഴി നൽകാൻ ആര്യ, ഗ്രീഷമ എന്നിവരോട് പോലീസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ കാണാതായത്. തുടർന്ന് ഇവർക്കായി നടത്തിയ തിരച്ചിലിലാണ് ഇത്തിക്കരയാറിന്റെ പരിസരത്ത് ഇവർ വന്നതായി സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചത്. ഇരുവരും ഇത്തിക്കരയാറ്റിൽ ചാടിയെന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് ആര്യയുടെ പിന്നീട് ഗ്രീഷമയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇവരുടെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. കുഞ്ഞിന്റെ അമ്മ രേഷ്മ വഞ്ചകിയെന്നാണ് ആര്യയുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. രേഷ്മയുടെ ജീവിതം നന്നാകണമെന്നാണ് ആഗ്രഹിച്ചത്. പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ പിടികൂടുന്നത് സഹിക്കാനാകില്ലെന്നും ആര്യയുടെ ആത്മഹത്യ കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം പോകാൻ കുഞ്ഞ് ഒരു തടസമാണെന്ന് മനസിലാക്കിയ രേഷ്മ കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഡി.എൻ.എ പരിശോധന നടത്തിയാണ് കുഞ്ഞ് രേഷ്മയുടെതാണെന്ന് കണ്ടെത്തിയത്. ഇതിനു പിന്നാലെ രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.