Kerala
Womens Commission has order to take strict action in attack on young couple kozhikode
Kerala

യുവദമ്പതികളെ ആക്രമിച്ച സംഭവം: കർശന നടപടിക്ക് നിർദേശം നൽകിയെന്ന് വനിതാ കമ്മീഷൻ

Web Desk
|
22 May 2023 10:55 AM GMT

ഇത്തരം ഇടങ്ങളിൽ പൊലീസ് നല്ല ജാഗ്രതയോടെയുള്ള സമീപനം തന്നെ കൈക്കൊള്ളണം.

കോഴിക്കോട്: ബൈക്കിൽ സഞ്ചരിച്ച യുവദമ്പതികൾക്ക് നേരെ നടന്ന ആക്രമണത്തിൽ കർശന നടപടി എടുക്കാൻ നിർദേശം നൽകിയതായി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. പരാതി നൽകുന്നവർക്കെതിരെയുള്ള പ്രചാരണം ശരിയായ രീതിയല്ലെന്നും അവർ പറഞ്ഞു.

ആളുകൾ സിനിമ കഴിഞ്ഞ് പോകുമ്പോൾ ബൈക്കിലെത്തി ഇങ്ങനെയൊക്കെ ചെയ്യാമെന്ന ധാരണ പട്ടണങ്ങളിൽ ഉണ്ടാവുന്നത് ഒരിക്കലും ഗുണകരമല്ല. ഇത്തരം ഇടങ്ങളിൽ പൊലീസ് നല്ല ജാഗ്രതയോടെയുള്ള സമീപനം തന്നെ കൈക്കൊള്ളണം.

അതിൽ പരാതി കൊടുക്കാൻ നമ്മുടെ സ്ത്രീകൾ മുന്നോട്ടുവരണം. പലപ്പോഴും പരാതിപ്പെടാതിരിക്കാൻ കാരണം ഇത്തരം ആക്ഷേപങ്ങൾ കേൾക്കേണ്ടിവരുമോ എന്ന പേടി കൊണ്ടാണ്. പരാതി കൊടുക്കാനുള്ള ആർജവമുള്ള നിലപാട് നമ്മുടെ പെൺകുട്ടികൾ സ്വീകരിക്കണം.

എതിരായിട്ടുള്ള പ്രചരണങ്ങൾ വലിയ തോതിൽ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിനെ നിഷ്പ്രഭമാക്കാനുള്ള വിധത്തിൽ പൊതുസമൂഹത്തിന്റെ ഇടപെടൽ അക്രമികൾക്കെതിരെ ഉണ്ടാവേണ്ടതുണ്ടെന്നും പി. സതീദേവി ആവശ്യപ്പെട്ടു.

യുവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബേപ്പൂർ നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പരാതിക്കാരൻ അശ്വിൻ തിരിച്ചറിഞ്ഞിരുന്നു.

മർദനം, സ്ത്രീകൾക്ക് നേരെ അപമര്യാദയായി പെരുമാറ‌ൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു സിനിമ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന അശ്വിനോടും ഭാര്യയോടും ന​ഗരമധ്യത്തിൽ അഞ്ചം​ഗം സംഘം അപമര്യാദയായി പെരുമാറിയത്.

ഇത് ചോദ്യം ചെയ്ത അശ്വിനെ മർദിക്കുകയും ചെയ്തു. ക്രിസ്ത്യൻ കോളജിന് സമീപത്ത് വച്ചായിരുന്നു രണ്ട് ബൈക്കുകളിൽ എത്തിയ അഞ്ച് പേർ മോശമായി പെരുമാറിയതും ആക്രമിച്ചതും. സംഭവസമയത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാൻ തയ്യാറായില്ല എന്നും അശ്വിൻ പറഞ്ഞിരുന്നു.






Similar Posts