ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണം: കെ.കെ ശൈലജ
|സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിന് തടസ്സമില്ലെന്നും ശൈലജ പറഞ്ഞു.
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ.കെ ശൈലജ. സ്ത്രീകൾക്ക് കൂടുതൽ പ്രാതനിധ്യം കൊടുക്കണമെന്ന ധാരണ എൽ.ഡി.എഫിൽ ഉണ്ട്. സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിന് തടസ്സമില്ല. അതിന്റെ പേരിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യവുമില്ല. വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും ശൈലജ പറഞ്ഞു.
കേരളത്തിലെ സർക്കാർ മാധ്യമങ്ങളെ വേട്ടയാടുന്നുവെന്ന ആരോപണം ശരിയല്ല. കോവിഡ്, നിപ കാലഘട്ടത്തിൽ മികച്ച സഹകരണമാണ് മാധ്യമങ്ങൾ സർക്കാരിന് നൽകിയതെന്നും അവർ പറഞ്ഞു. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു ശൈലജ.
അതിനിടെ എം.ടിക്ക് പിന്നാലെ ഭരണകൂട വിമർശനവുമായി എഴുത്തുകാരൻ എം. മുകുന്ദനും രംഗത്തെത്തി. നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽനിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ടെന്നും കെ.എൽ.എഫ് വേദിയിൽ മുകുന്ദൻ പറഞ്ഞു.