സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ; പുതിയ നിയമത്തിന്റെ കരട് രേഖ തയ്യാറായെന്ന് മന്ത്രി സജി ചെറിയാൻ
|നിയമം എത്രയും വേഗം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു
സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ കരട് രേഖ തയ്യാറായെന്ന് മന്ത്രി സജി ചെറിയാൻ. നിയമം എത്രയും വേഗം നടപ്പാക്കും. സിനിമാ മേഖലയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അടൂർ ഗോപാലകൃഷ്ണൻ, ഹേമ കമ്മിറ്റി റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ കരട് രേഖ തയ്യാറാക്കിയത്.
കഴിഞ്ഞ മാർച്ച് 17നാണ് സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. വിമൻ ഇൻ സിനിമാ കലക്ടീവ് നൽകിയ ഹരജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ മൂടിവെക്കുകയാണെന്ന് ആരോപിച്ച് കെ.കെ രമയാണ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. അതിക്രമം നേരിട്ടവരുടെ പേര് വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് പകരം സാങ്കേതിക കാരണം പറഞ്ഞ് മൂടിവെക്കുകയാണെന്നും കെ.കെ രമ ആരോപിച്ചിരുന്നു.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടൻ പുറത്തുവിടാനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞിരുന്നു. സ്ത്രീകളുടെ വ്യക്തിപരമായ വിവരങ്ങളും ദുരനുഭവങ്ങളും ഉള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടാനാവില്ല എന്നാണ് മന്ത്രി പറഞ്ഞത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ നിയമനിർമാണമുണ്ടാകുമെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരുമെന്നുമായിരുന്നു അറിയിച്ചത്.