![Womens safety needs UP model system in Kerala; K. Surendran Womens safety needs UP model system in Kerala; K. Surendran](https://www.mediaoneonline.com/h-upload/2023/07/30/1381528-untitled-2.webp)
'സ്ത്രീസുരക്ഷയ്ക്ക് കേരളത്തിൽ യുപി മോഡൽ സംവിധാനം വേണം'; കെ.സുരേന്ദ്രൻ
![](/images/authorplaceholder.jpg?type=1&v=2)
"ദയനീയമാണ് കേരളത്തിലെ പൊലീസിന്റെ അവസ്ഥ, ആളുകൾ വലിയ ഭീതിയിലാണ് ഇവിടെ ജീവിക്കുന്നത്"
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരളത്തിൽ യുപി മോഡൽ സംവിധാനം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് ആദരാഞ്ചലികളർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കേരളത്തിൽ കർശന നിയമങ്ങൾ ആവശ്യമുണ്ട്. യുപി മോഡൽ സംവിധാനം കേരളത്തിലും വരണം. ഇത്രയും കൊടും ക്രൂരതകൾ ചെയ്യുന്നവർക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. പൊലീസ് സംവിധാനം വളരെ ദുർബലമാണിവിടെ. എറണാകുളത്ത് തന്നെ ജിഷയുടെ സംഭവം നടന്ന സമയം തന്നെ നിരീക്ഷണ സംവിധാനം വേണമെന്ന് പറഞ്ഞതാണ്. എന്നാലൊന്നും നടന്നില്ല.
ദയനീയമാണ് കേരളത്തിലെ പൊലീസിന്റെ അവസ്ഥ. ആളുകൾ വലിയ ഭീതിയിലാണ് കേരളത്തിൽ ജീവിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിലല്ല പൊലീസിന് ശ്രദ്ധ, മറ്റ് പല കാര്യങ്ങളിലുമാണ്. അതിഥി തൊഴിലാളികളുടെ നീക്കുപോക്കുകൾ നിരീക്ഷിക്കാൻ പ്രത്യേക പൊലീസ് സംവിധാനം സംസ്ഥാനത്ത് ആവശ്യമുണ്ട്. ആലുവ കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായി. കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയാണ്". സുരേന്ദ്രൻ പറഞ്ഞു.