ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് നിവേദനവുമായി സ്ത്രീപക്ഷ കൂട്ടായ്മ
|സാറ ജോസഫ്, കെ.ആർ മീര ഉൾപ്പെടെ 150 പേർ ഒപ്പുവെച്ച നിവേദനമാണ് സമർപ്പിച്ചിരിക്കുന്നത്
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ സംബന്ധിച്ച് സ്ത്രീപക്ഷ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. 150 പേർ ഒപ്പുവെച്ച നിവേദനമാണ് സമർപ്പിച്ചിരിക്കുന്നത്. അതിജീവിതമാരെ നിശബ്ദരാക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കത്തിൽ അതിനായുള്ള ആവശ്യങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. കൂട്ടായ്മ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവ.
• അതിജീവിതമാരുടെ പരാതികൾ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
• സൈബർ ആക്രമണങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കണം. കുറ്റക്കാരായവരെ
മാതൃകാപരമായി ശിക്ഷിക്കണം.
• പരാതിക്കാർക്ക് നിയമപരവും മാനസികവുമായ പിന്തുണ നൽകാനുള്ള സമഗ്രമായ സർക്കാർ സംവിധാനം സ്ഥാപിക്കണം.
• തൊഴിലിടങ്ങളിൽ ചൂഷകരുടെ താത്പര്യങ്ങൾക്ക് വഴങ്ങാൻ തയ്യാറാവാത്തതുമൂലം തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അടിയന്തിര നടപടി വേണം.
സാറ ജോസഫ്, കെ.ആർ മീര, ജിയോ ബേബി, അശോകൻ ചരുവിൽ, ബെന്യാമിൻ, വി. കെ ജോസഫ്, കാഞ്ചന കൊറ്റങ്ങൽ തുടങ്ങിയവരാണ് നിവേദനത്തിൽ ഒപ്പുവെച്ച പ്രമുഖർ.