Kerala
Worker goes missing in stream: Robots sent for search,latest malayalam newsതൊഴിലാളിയെ തോട്ടിൽ കാണാതായ സംഭവം: തിരച്ചിലിന് റോബോട്ടുകളെ എത്തിച്ചു
Kerala

തൊഴിലാളിയെ തോട്ടിൽ കാണാതായ സംഭവം: തിരച്ചിലിന് റോബോട്ടുകളെ എത്തിച്ചു

Web Desk
|
13 July 2024 3:08 PM GMT

വെളിച്ചം നഷ്ടപ്പെട്ടതോടെ സ്കൂബ സംഘം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കാണാതയ തൊഴിലാളിക്ക് വേണ്ടിയുള്ള സ്കൂബ സംഘത്തിന്റെ തിരച്ചിൽ അവസാനിപ്പിച്ചു. വെളിച്ചം നഷ്ടപ്പെട്ടത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതാണ് തിരച്ചിൽ നിർത്തിവെക്കാൻ കാരണമായത്. അതേസമയം കാണാതായ ജോയിയെ കണ്ടെത്താനായി റോബോട്ടിക് സംവിധാനം ഏർപ്പെടുത്തി.

തിരച്ചിലിനായി മാൻ ഹോളിലേക്ക് ഇറങ്ങാൻ ശേഷിയുള്ള റോബോട്ടിനെയാണ് എത്തിച്ചത്. സ്റ്റാർട്ട് അപ്പ് മിഷന്റെ ഭാഗമായി ആരംഭിച്ച ജൻ റോബോട്ടിക്സ് കമ്പനിയുടെ റോബോട്ടിക് യന്ത്രമാണ് എത്തിച്ചിരിക്കുന്നത്. ജൻ റോബോട്ടിക്സിന്റെ യന്ത്രം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചു. ഇവ ഉപയോ​ഗിച്ചായിരിക്കും ഇനിയുളള രക്ഷാപ്രവർത്തനം നടക്കുക.

ജോയിയെ കണ്ടെത്താൻ പലതവണ സ്കൂബ സംഘം തോട്ടിലേക്കിറങ്ങിയെങ്കിലും ദുഷ്കരമായതിനാൽ തിരിച്ച് കയറുകയായിരുന്നു. ടണലിനടിയിലെ മാലിന്യം നീക്കം ചെയ്യാതെ തിരച്ചിൽ സാധ്യമാകില്ലെന്നാണ് രക്ഷാസംഘത്തിന്റെ അറിയിപ്പ്.

അതിനിടെ സംഭവസ്ഥലത്ത് സന്ദർശനം നടത്തിയ അസിസ്റ്റൻറ് റെയിൽവേ ഡിവിഷണൽ മാനേജർ അപകടത്തെകുറിച്ച് പ്രതികരിക്കാൻ തയാറായില്ല. എആർഡിഎം വിജിയാണ് അപകടസ്ഥലം സന്ദർശിച്ചിട്ടും പ്രതികരിക്കാതെ മടങ്ങിയത്.

തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. റെയിൽവേയുടെ നിർദ്ദേശാനുസരണം ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയിതാണ് ജോയ്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാൾ തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്.

ആദ്യശ്രമത്തിൽ രക്ഷാസംഘം ടണലിലൂടെ 30 മീറ്റർ അകത്തേക്കു പോയെങ്കിലും കനത്ത ഇരുട്ടായതിനാലും മുട്ടുകുത്തി നിൽക്കാൻ പോലും കഴിയാത്തതിനാലും പിന്മാറുകയായിരുന്നു.

Similar Posts