കുട്ടനാട്ടിൽ സി.പി.എം വിട്ട പ്രവർത്തകർ സി.പി.ഐയിൽ ചേരുന്നു
|സി.പി.ഐ ആലപ്പുഴ ജില്ലാ കൗൺസിലിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും
ആലപ്പുഴ: കുട്ടനാട്ടിൽ സി.പി.എം വിട്ട പ്രവർത്തകർ സി.പി.ഐയിൽ ചേരുന്നു. 166 പേർക്ക് സി.പി.ഐയിൽ പൂർണ അംഗത്വം നൽകും. നാളെ സി.പി.ഐ ആലപ്പുഴ ജില്ലാ കൗൺസിലിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
സി.പി.എമ്മിനകത്തുള്ള ചെറിയ പ്രശ്‌നങ്ങളാണ് ഇതിലേക്ക് നയിച്ചത്. ആലപ്പുഴയിലെ സി.പി.എമ്മിനകത്തുള്ള തർക്കങ്ങൾ കൂടുതൽ പുറത്തേക്ക് വരുന്നു എന്നുള്ളതാണ് സി.പി.എം പ്രവർത്തകരുടെ ഈ കൂടുമാറ്റം വ്യക്തമാക്കുന്നത്. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് രാമൻഗിരി, ഇവിടെ 13 മെമ്പർമാരാണ് എൽ.ഡി.എഫിനുള്ളത്. ഇതിൽ പ്രസിഡന്റ് അടക്കമുള്ള ആറു പേരാണ് ഇപ്പോൾ സി.പി.ഐയിലേക്ക് പോകുന്നത്. ഇതോട് കൂടി ഈ പഞ്ചായത്തിൽ സി.പി.ഐക്ക് ഒരു മേൽകൈ ലഭിക്കും.
ഇവർ നേരത്തെ തന്നെ അഗത്വമെടുക്കാൻ സി.പി.ഐയെ സമീപിച്ചിരുന്നു. തുടർന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി പങ്കെടുത്ത കുട്ടനാടൻ മണ്ഡലം കമ്മറ്റിയിൽ ഇത് അംഗീകരിച്ചത്. ഇനി ഇവരുടെ അംഗീകാരം സംസ്ഥാന കൗൺസിലിലേക്കയക്കും. തുടർന്ന് സംസ്ഥാന കൗൺസിലാണ് അഗത്വം നൽകുന്ന നടപടിയിലേക്ക് കടക്കുക.