'രാജേഷ് ആയതുകൊണ്ട് തെറിവിളിക്കുമെന്ന് പേടിയില്ല': കെ ആര് മീര
|'ഒരാള്‍ തെറി വിളിക്കുകയും മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്ക് പ്രചോദനമായി രണ്ടു വാക്ക് സംസാരിക്കാമോ എന്ന് അഭ്യർഥിക്കുകയുമാണ് ചെയ്യുന്നത്'
തൃത്താല മണ്ഡലത്തിലെ സ്ഥാനാർഥികളെ കുറിച്ച് എഴുത്തുകാരി കെ ആർ മീര. എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിനെ പ്രശംസിച്ചും തൃത്താല എംഎൽഎയും നിലവിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി ടി ബൽറാമിനെ പേരെടുത്തു പറയാതെ വിമർശിച്ചുമാണ് കുറിപ്പ്.
പ്രചാരണത്തിനിടെ വായനക്കാരിയായ പെൺകുട്ടിയെ പരിചയപ്പെട്ടെന്നും ആ കുട്ടിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരിയായ താൻ വിളിച്ചു സംസാരിച്ചാൽ അത് ആ കുട്ടിക്ക് പ്രചോദനമാകുമെന്നും എം ബി രാജേഷ് പറഞ്ഞെന്ന് കെ ആർ മീര കുറിച്ചു. സൈബർ സെല്ലുകളെ ഉപയോഗിച്ച് തന്നെ തെറി വിളിച്ച എംഎൽഎയുടെ മണ്ഡലമാണ് തൃത്താല. ഒരാള്‍ തെറി വിളിക്കുകയും മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്ക് പ്രചോദനമായി രണ്ടു വാക്ക് സംസാരിക്കാമോ എന്ന് അഭ്യർഥിക്കുകയുമാണ് ചെയ്യുന്നത്. രണ്ട് തരം ജനാധിപത്യ ബോധ്യങ്ങളും രണ്ടു തരം ജനപ്രതിനിധികളുമെന്നും കെ ആര് മീര ഫേസ് ബുക്കില്‍ കുറിച്ചു.
കൊലപാതക രാഷ്ട്രീയം സംബന്ധിച്ച വാക്പോരിനിടെ വി ടി ബല്‍റാം കെ ആര് മീരക്കെതിരെ നടത്തിയ ഒരു പരാമര്‍ശം വിവാദമായിരുന്നു- 'പോ മോനേ ബാല - രാമാ എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ പാര്‍ട്ടിക്ക് വേണ്ടിയാണവര്‍ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നില്ക്കും. എന്നാല്‍ തിരിച്ച് പോ മോളേ മീരേ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം' എന്നായിരുന്നു ബല്‍റാമിന്റെ കമന്റ്. ഈ സംഭവമാണ് കെ ആര് മീര പരാമര്‍ശിച്ചത്.
കെ ആര് മീരയുടെ കുറിപ്പ്
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, ശ്രീ എം.ബി. രാജേഷ് എന്നെ വിളിച്ചു.
''തൃത്താലയില്‍ പ്രചാരണത്തിനിടയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. നല്ല വായനക്കാരിയാണ്. എഴുത്തുകാരിയുമാണ്. എനിക്കു വളരെ മതിപ്പു തോന്നി. ഇഷ്ടപ്പെട്ട എഴുത്തുകാരെക്കുറിച്ചു ചോദിച്ചപ്പോള്‍ ഏറ്റവും ഇഷ്ടം കെ ആര് മീരയെ ആണെന്നു പറഞ്ഞു. തീര്‍ത്തും സാധാരണ കുടുംബത്തിലെ കുട്ടിയാണ്. പക്ഷേ, അവള് നിങ്ങളുടെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഞാന്‍ ആ കുട്ടിയുടെ നമ്പര്‍ തരട്ടെ? തിരക്കൊഴിയുമ്പോള്‍ അവളെ ഒന്നു വിളിച്ചു സംസാരിക്കാമോ? അത് ആ കുട്ടിക്കു വലിയ പ്രചോദനമായിരിക്കും. ''
സൈബര്‍ സെല്ലുകളെ ഉപയോഗിച്ച് എന്നെ തെറി വിളിച്ച എം.എല്‍.എയുടെ മണ്ഡലമാണല്ലോ, തൃത്താല.
ഒരാള്‍ തെറി വിളിക്കുന്നു; മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി രണ്ടു വാക്കു സംസാരിക്കാമോ എന്ന് അഭ്യര്‍ഥിക്കുന്നു.
–രണ്ട് തരം ജനാധിപത്യ ബോധ്യങ്ങള്‍, രണ്ട് തരം ജനപ്രതിനിധികള്‍.
ഞാന്‍ കയ്യോടെ ആ കുട്ടിയുടെ വിലാസം വാങ്ങി. കയ്യൊപ്പോടെ മൂന്നു പുസ്തകങ്ങള്‍ അവള്‍ക്ക് അയയ്ക്കുകയും ചെയ്തു.
തപാല്‍ ഇന്നലെ അവള്‍ക്കു കിട്ടി. അവള് എന്നെ വിളിച്ചു. എന്റെ മകളെക്കാള്‍ നാലോ അഞ്ചോ വയസ്സിന് ഇളയവള്‍.
അവള് വളരെ സന്തോഷത്തിലായിരുന്നു. ഞാനും.
എഴുത്തുകാര്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ് അതാണ് – വായനക്കാരുടെ ശബ്ദത്തിലെ സ്നേഹത്തിന്റെ ഇടര്‍ച്ച.
ആ സ്നേഹത്തിന്, ശ്രീലക്ഷ്മി സേതുമാധവന് നന്ദി.
ശ്രീലക്ഷ്മിയെ പരിചയപ്പെടുത്തിയതിന് എം ബി രാജേഷിനും നന്ദി പറയുന്നു.
നന്ദി പറഞ്ഞില്ലെങ്കില്‍ തെറി വിളിക്കുമോ എന്നു പേടിച്ചിട്ടല്ല.
രാജേഷ് ആയതു കൊണ്ട് തെറി വിളിക്കുമെന്നു പേടിയില്ല.
ഉത്തരം മുട്ടിയാല്‍ അസഭ്യം പറഞ്ഞും അപകീര്‍ത്തിപ്പെടുത്തിയും നിശ്ശബ്ദയാക്കുന്ന 'ആല്‍ഫ മെയില്‍ അപകര്‍ഷത' രാജേഷിന്റെ പ്രസംഗങ്ങളിലോ ചര്‍ച്ചകളിലോ ഫെയ്സ് ബുക്ക് പോസ്റ്റുകളിലോ കണ്ടിട്ടില്ല.
കടുത്ത വിയോജിപ്പോടെയും എം ബി രാജേഷിനോടു സംവാദം സാധ്യമാണ്.
നമ്മളെയൊക്കെ നിരീക്ഷിക്കുന്ന ശ്രീലക്ഷ്മിയുടെ തലമുറയിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും വേണ്ടി– അതിനു പ്രത്യേകം നന്ദി.