Kerala
എക്‌സ് മുസ്‌ലിം കൂട്ടായ്മയിൽനിന്ന് ആരിഫ് ഹുസൈൻ രാജിവച്ചു
Kerala

എക്‌സ് മുസ്‌ലിം കൂട്ടായ്മയിൽനിന്ന് ആരിഫ് ഹുസൈൻ രാജിവച്ചു

Web Desk
|
25 Oct 2022 8:20 AM GMT

ജർമനിയിലേക്കുള്ള യാത്ര ഒരു വിഭാഗം ഇടപെട്ട് മുടക്കിയെന്ന് ആരിഫ് ഹുസൈൻ കുറ്റപ്പെടുത്തി

കോഴിക്കോട്: എക്‌സ് മുസ്‍ലിം കൂട്ടായ്മയിൽനിന്ന് രാജിവച്ച് പ്രമുഖ യുക്തിവാദ നേതാവ് ആരിഫ് ഹുസൈൻ തെരുവത്ത്. സംഘടനയിൽ ജനാധിപത്യ മര്യാദയില്ലെന്നും വ്യക്തിവിരോധമാണ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് രാജി. അടുത്തിടെ ഇസ്‌ലാം വിട്ട അസ്‌കറലിയോട് സംഘടന കൈക്കൊണ്ട സമീപനത്തിൽ പ്രതിഷേധിച്ചാണ് നടപടി. സ്വന്തം യൂട്യൂബ് അക്കൗണ്ടിലൂടെയാണ് ആരിഫ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അസ്‌കറലിയെ കൂടുതൽ പ്രശ്‌നത്തിലാക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. അസ്‌കറലി ഉയർത്തിയ വിഷയങ്ങൾ തെറ്റാണെന്ന് വിശ്വാസി സമൂഹത്തിൽനിന്ന് ആരോപണം ഉയർന്നപ്പോൾ അതിനോട് ചേർന്നുനിൽക്കുന്ന തരത്തിലായിരുന്നു ചിലരുടെ പെരുമാറ്റം. ഇക്കാര്യത്തിൽ സംഘടനയ്ക്കു വീഴ്ച സംഭവിച്ചുവെന്ന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. രാജിസന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നുവെന്നും ആരിഫ് ഹുസൈൻ പറഞ്ഞു.

വിഷയം നേരിട്ട് ചൂണ്ടിക്കാട്ടിയിട്ടും അതിൽനിന്ന് പിന്തിരിയാനോ അത് തെറ്റായെന്ന് മനസിലാക്കാനോ സംഘടന തയാറായില്ല. ഹിജാബ് അടക്കമുള്ള വിഷയങ്ങളിലും വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും ആരിഫ് ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ജർമനിയിലെ ഒരു പരിപാടിക്കുള്ള യാത്ര ഒരു വിഭാഗം ഇടപെട്ട് മുടക്കിയെന്നും അദ്ദേഹം ആരോപിച്ചു. താൻ രാജിവയ്ക്കുന്നതിനു മുൻപ് സംഘടന വിട്ടെന്ന് ചൂണ്ടിക്കാട്ടി പരിപാടിയുടെ സംഘാടകരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരിഫ് ഹുസൈൻ വിമർശിച്ചു.

Summary: Ex-Muslim League leader Arif Hussain Theruvath resigns from the organization

Similar Posts