Kerala
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്

Web Desk
|
16 Nov 2021 12:54 AM GMT

കോട്ടയം , പത്തനംതിട്ട, ആലപ്പുഴ , കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

കേരളത്തിൽ അടുത്ത രണ്ടു ദിവസം കൂടി വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം , പത്തനംതിട്ട, ആലപ്പുഴ , കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നെടുമങ്ങാട് , കാട്ടാക്കട , നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

കോഴിക്കോട് നഗരത്തിൽ കനത്ത മഴയാണ്. ചിന്താവളപ്പ് ഉൾപ്പെടെ നഗരത്തിലെ ഏതാനും പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മലയോര മോഖലയിലും ശക്തമായ മഴയാണ്.

കനത്ത മഴയിൽ കൊല്ലം ജില്ലയിൽ 54 വീടുകൾക്ക് നാശനഷ്ടമുണ്ടായി. 15 കോടിയുടെ നഷ്ടം ജില്ലയിൽ ഉണ്ടായതായി കണക്കാക്കുന്നു. മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ 21 ദുരിതാശ്വാസക്യാമ്പുകൾ ഇതുവരെ തുറന്നു. 705 പേർ ക്യാമ്പുകളിൽ കഴിയുന്നു. ജില്ലാ കലക്ടർ അഫ്സാന പർവീൺ ക്യാമ്പുകൾ സന്ദർശിച്ചു. മഴക്കെടുത്തിയിൽ രണ്ടു വീടുകൾ പൂർണമായും 52 വീടുകൾ ഭാഗികമായും തകർന്നു.

670 ഹെക്ടറിൽ ആയി 52 ലക്ഷം രൂപയുടെ കൃഷി നാശവും കണക്കാക്കുന്നു. പിഡബ്ല്യുഡി റോഡുകൾ തകർന്നത് വഴി നാലേകാൽ കോടി രൂപയുടെ നഷ്ടമുണ്ടായി. നാഷണൽ ഹൈവേയിൽ മൂന്നു കോടി 60 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. ഇറിഗേഷൻ വകുപ്പിന് 7 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. മൃഗസംരക്ഷണ വകുപ്പിന് ഉണ്ടായത് ഏഴര ലക്ഷം രൂപയുടെ നഷ്ടം. ഡാമുകളിലെ ജലനിരപ്പ് നിലവിൽ നിയന്ത്രണവിധേയമാണ്. വെള്ളപ്പൊക്കം രൂക്ഷമായിരുന്ന മൺട്രോത്തുരുത്തിൽ ജലം ഒഴുകി പോകുന്നതിന് പുറമേ, മഴ മാറി നിന്നതും ആശ്വാസമായി. കരകവിഞ്ഞ കല്ലടയാറ്റിലെ ജലനിരപ്പിനും നേരിയ തോതിൽ കുറവ് വന്നിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

ഇടുക്കി,മുല്ലപ്പെരിയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നില്ല. ഇടുക്കിയില്‍ 2399.16 അടിയിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് കൂടിയതിനെ തുടർന്ന് ജലനിരപ്പ് വർധിച്ചു. 140.45 അടിയിലാണ് ജലനിരപ്പ്. തമിഴ്നാട് 2300 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളത്. രാത്രിയാത്രാ നിരോധനം തുടരുകയാണ്.

Similar Posts