Kerala
കേരളത്തില്‍ അതിവേഗ വ്യാപനം; പ്രതിദിന കോവിഡ് കേസുകള്‍  20000 കടന്നു
Kerala

കേരളത്തില്‍ അതിവേഗ വ്യാപനം; പ്രതിദിന കോവിഡ് കേസുകള്‍ 20000 കടന്നു

Web Desk
|
18 Jan 2022 12:29 AM GMT

തുടര്‍ച്ചയായ രണ്ടാം ദിവസവും ടി.പി.ആര്‍ മുപ്പതിന് മുകളില്‍ തന്നെയാണ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 20000 കടന്നു. തിരുവനന്തപുരത്തും എറണാകുളത്തും സ്ഥിതി ഗുരുതരം. ടി.പി.ആര്‍ കുത്തനെ ഉയരുന്നതും ആശങ്ക ഉണ്ടാക്കുന്നു. സ്കൂളുകളില്‍ കുട്ടികളുടെ വാക്സിനേഷന്‍ നാളെ തുടങ്ങും.

തുടര്‍ച്ചയായ രണ്ടാം ദിവസവും ടി.പി.ആര്‍ മുപ്പതിന് മുകളില്‍ തന്നെയാണ്. 10 ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ് ഉണ്ടായി. തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം 5000 കടന്നു. എറണാകുളത്തെയും കോഴിക്കോട്ടെയും സ്ഥിതിയും ഗുരുതരമാണ്. അതീവ ജാഗ്രത വേണമെന്ന നിര്‍ദേശം തന്നെയാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടുതലായി രോഗം ബാധിക്കുന്നതും ആശങ്കയുണ്ടാക്കുന്നു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കിടയിലും രോഗവ്യാപനം തീവ്രമാണ്. തിരുവനന്തപുരത്ത് 40ലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ വാര്‍ഡ് തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് സര്‍ക്കാര്‍. ഇതിനായി ആരോഗ്യ- തദ്ദേശ വകുപ്പുകള്‍ യോഗം ചേര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടുതലായി ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നു.

15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് നാളെ സ്കൂളുകളില്‍ വാക്സിനേഷന്‍ ആരംഭിക്കും. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ് വാക്സിനേഷന്‍ കേന്ദ്രം ഒരുക്കുക. മറ്റ് സ്കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിന്‍ സ്വീകരിക്കാം. ഭിന്നശേഷിക്കാർക്ക് വാക്സിൻ വേണ്ടെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അല്ലാത്ത കുട്ടികൾക്ക് രക്ഷിതാക്കളുടെ സമ്മതം വേണം. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ ടാസ്‌ക് ഫോഴ്സാണ് വാക്‌സിനേഷൻ നടത്തേണ്ട സ്‌കൂളുകൾ കണ്ടെത്തുന്നത്. കോവിഡ് വ്യാപനം ഉയരുന്നതിനാല്‍ തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവച്ചു.

Related Tags :
Similar Posts