Kerala
വെൽഫെയർ പാർട്ടി നേതാവിന്റെ വീട് തകർത്ത സംഭവം: പ്രവാചകനിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തി യോഗി കലാപം സൃഷ്ടിക്കുന്നു - വെൽഫെയർ പാർട്ടി
Kerala

വെൽഫെയർ പാർട്ടി നേതാവിന്റെ വീട് തകർത്ത സംഭവം: പ്രവാചകനിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തി യോഗി കലാപം സൃഷ്ടിക്കുന്നു - വെൽഫെയർ പാർട്ടി

Web Desk
|
12 Jun 2022 2:14 PM GMT

''മുസ്‍ലിം സമൂഹത്തെ നശിപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ നിഗൂഢ പദ്ധതിക്ക് കളമൊരുക്കുന്നതിനാണ് യുപിയിൽ യോഗി പോലീസ് ശ്രമിക്കുന്നത്. രാജ്യത്ത് സമാനതകളില്ലാത്ത വിധം മുസ്‍ലിം സമൂഹത്തിനെതിരെ മനുഷ്യവകാശ ലംഘനം നടക്കുമ്പോഴും ഭരണകൂടത്തിനെതിരെ നിശബ്ദരായിരിക്കുന്ന ഇതര രാഷ്ട്രീയ പാർട്ടികളുടെ സമീപനം ഞെട്ടിപ്പിക്കുന്നതാണ്.''

തിരുവനന്തപുരം: പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ വെൽഫെയർ പാർട്ടി ദേശീയ പ്രവർത്തക സമിതി അംഗം ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൂർണമായി തകർക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് വെൽഫയർ പാർട്ടി സംസ്ഥാന കമ്മിറ്റി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്‍ലിം വംശഹത്യയ്ക്ക് വേണ്ടിയുള്ള കലാപത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വിമർശിച്ചു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി അഫ്രീൻ ഫാത്തിമയുടെ പിതാവായ ജാവേദ് മുഹമ്മദ് രാജ്യത്ത് ഹിന്ദുത്വ പ്രതിനിധികളായ നുപൂർ ശർമയും നവീൻ ജിൻഡാലും നടത്തിയ പ്രവാചക വിദ്വേഷത്തിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടത്തിന് നേതൃത്വം നൽകിയ നേതാവാണ്. പ്രവാചകനിന്ദയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഇന്ത്യയെ അപമാനിച്ച മോദി സർക്കാർ കൂടുതൽ മുസ്‍ലിം വിരുദ്ധതയിലേക്ക് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരെ കൊന്നുതള്ളുകയും അറസ്റ്റുചെയ്യുകയും ചെയ്യുന്നത്-ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി.

''മുസ്‍ലിം സമൂഹത്തെ നശിപ്പിക്കുന്നതിനുള്ള ആർഎസ്എസിന്റെ നിഗൂഢ പദ്ധതിക്ക് കളമൊരുക്കുന്നതിനാണ് യുപിയിൽ യോഗി പോലീസ് ശ്രമിക്കുന്നത്. രാജ്യത്ത് സമാനതകളില്ലാത്ത വിധം മുസ്‍ലിം സമൂഹത്തിനെതിരെ മനുഷ്യവകാശ ലംഘനം നടക്കുമ്പോഴും ഭരണകൂടത്തിനെതിരെ നിശബ്ദരായിരിക്കുന്ന ഇതര രാഷ്ട്രീയ പാർട്ടികളുടെ സമീപനം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് വംശീയ ധ്രുവീകണത്തിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുന്ന ഭരണകൂടം അതിനെതിരെ ഉയരുന്ന ജനാധിപത്യ പോരാട്ടങ്ങളെ ഭീതിയോടെയാണ് സമീപിക്കുന്നത്.''

പൗരത്വ പ്രക്ഷോഭത്തിലും കർഷകപോരാട്ടത്തിലും മുട്ടുമടക്കേണ്ടി വന്ന കേന്ദ്ര ഭരണകൂടം പ്രവാചകനിന്ദയ്‌ക്കെതിരെ ശബ്ദമുയർത്തുന്നവരെ കൊന്നുതള്ളുകയെന്ന ക്രൂരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രവാചകനിന്ദയ്‌ക്കെതിരെ പോരാടിയ രണ്ടുപേരെ കഴിഞ്ഞദിവസം പൊലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തുകയും യു.പിയിൽ മാത്രം മുന്നൂറിൽപ്പരം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തികച്ചും പ്രതിഷേധാർഹമാണ്. ഭരണഘടനാവിരുദ്ധവും ഏകാധിപത്യവും മുൻനിർത്തി ജനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭരണകൂട ഫാസിസ്റ്റുകൾക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നുവരണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Summary: Yogi Adityanath rioting by suppressing protests against blasphemy, alleges Welfare Party in the demolition of Welfare party leader's house in UP

Similar Posts