യു.പിയിൽ ബുൾഡോസർ വിപ്ലവം നടത്താനാണ് യോഗി ശ്രമിക്കുന്നത്: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ
|ബിജെപിയുടെ പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്ന നടപടി രാജ്യത്തിന് നാണക്കേടാണെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ
ഉത്തർപ്രദേശിൽ ബുൾഡോസർ വിപ്ലവം നടത്താനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ എം.ഐ അബ്ദുൽ അസീസ്. ബിജെപിയുടെ പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്ന നടപടി രാജ്യത്തിന് നാണക്കേടാണെന്നും മതനിന്ദ ഇന്ത്യയുടെ അന്തസ് കെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ഇന്നലെ വെൽഫയർ പാർട്ടി അഖിലേന്ത്യ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിനെ അറസ്റ്റു ചെയ്യുകയും ഇന്ന് അദ്ദേഹത്തിന്റെ പ്രയാഗ് രാജിലെ വീട് പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീറിന്റെ പ്രതികരണം.
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് എതിരാണെന്നും ഇതിന് പിന്നിൽ ഉള്ളവരാണ് രാജ്യദ്രോഹികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ കാപട്യം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുപി സർക്കാരിന്റെ നടപടി മനുഷ്യത്വവിരുദ്ധവും പ്രതിഷേധാർഹവുമാണ്. വിവാദ പരാമർശം നടത്തിയവർക്കെതിരായ നടപടി പൊലീസും സർക്കാറും മയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭം നടത്തിയ നൂറ് കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും വീടുകൾ തകർക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. അതിലൂടെ പ്രവാചക നിന്ദ സർക്കാർ നിലപാടാണ് എന്നാണ് വ്യക്തമാക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാടുകളോട് വിയോജിക്കുന്നവരെ വേട്ടയാടുകയാണ് സർക്കാർ . അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് അലഹബാദിൽ ജാവേദ് മുഹമ്മദിന്റെയും അഫ്രീൻ ഫാത്തിമയുടെയും വീടുകൾ തകർത്തത്. മുസ്ലിം വേട്ടക്കെതിരെ മതേതര, ജനാധിപത്യ കക്ഷികളുടെ മൗനം ഭീകരമാണെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ വ്യക്തമാക്കി.
ഇന്ത്യ പോലുള്ള വിപുലമായ ജനാധിപത്യ രാജ്യത്ത് പോരാട്ടങ്ങളെ അടിച്ചമർത്തിക്കളയാമെന്നത് സംഘ് പരിവാറിന്റെ വ്യാമോഹം മാത്രമാണ്. ഭരണകൂട ഭീകരതയുടെ മറുവശത്ത് ഇതിനെതിരെ രാജ്യത്തുടനീളം വളർന്നു വരുന്ന വർധിത ജനാധിപത്യ ബോധത്തെ കാണാതിരിക്കരുതെന്നും സർക്കാറുകളോട് എം ഐ അബ്ദുൽ അസീസ് ഓർമിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളെയും പൗരവാകാശങ്ങളെയും സർക്കാർ തന്നെ നിരാകരിക്കുമ്പോൾ നീതിന്യായ സംവിധാനം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി.