'ഒരു ജനതയെ തുടച്ചുനീക്കാൻ ശ്രമിക്കുമ്പോൾ നിഷ്പക്ഷ നിലപാടെടുക്കാൻ പറ്റില്ല, പൊരുതുന്ന ഫലസ്തീൻ ജനതക്കൊപ്പം നിൽക്കണം'; മുഖ്യമന്ത്രി
|ലോകത്തിന്‍റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ നിഷ്ക്രൂര സ്വഭാവത്തോടെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണെന്നും അമേരിക്കൻ പിന്തുണയോടെ ഇസ്രായേലാണത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: കേരളീയം സമാപന സമ്മേളനത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ജനതയെ തുടച്ചുനീക്കാൻ ശ്രമിക്കുമ്പോൾ നിക്ഷ്പക്ഷ നിലപാട് എടുക്കാൻ സാധിക്കില്ലെന്നും പൊരുതുന്ന ജനതക്കൊപ്പം നമുക്ക് നിൽക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു ജനവിഭാഗത്തെ നിഷ്ക്രൂര സ്വഭാവത്തോടെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണെന്നും അമേരിക്കൻ പിന്തുണയോടെ ഇസ്രായേലാണത് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനീതിക്കെതിരെ കേരളം നടത്തിയ സമരങ്ങളും ചെറുത്തുനിൽപ്പുമാണ് കേരളത്തെ ലോകത്തിനു മുന്നിൽ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളീയം വർഷം തോറും തുടരുമെന്നും ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും മനസിലായെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തതാണ് പരിപാടി നടന്നതെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളീയത്തിനായി ആളുകളെത്തിയിരുന്നു.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മറ്റ് മന്ത്രിമാരും ചടങ്ങിനെത്തിയിരുന്നു. ശങ്കർ മഹാദേവന്റെയും സിത്താരയുടെയും മെഗാ മ്യൂസിക് ഷോയും സമാപനത്തിന്റെ ഭാഗമായി നടക്കും.
സമാപന സമ്മേളനത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് ഒ.രാജഗോപാലിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. രാജഗോപാലിനെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. വിശിഷ്ട വ്യക്തികൾക്കൊപ്പം പതിനായിരക്കണക്കിന് ആളുകളും സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അടുത്ത വർഷത്തെ കേരളീയം നടത്തിപ്പിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയെയും നിയോഗിച്ചു.