കടയില്‍ പോകാന്‍ സര്‍ട്ടിഫിക്കറ്റ് വേണം; നിബന്ധനയില്‍ മാറ്റമില്ലെന്ന് സര്‍ക്കാര്‍
|ഡെൽറ്റ വൈറസ് ഭീഷണിയുള്ളതിനാൽ നിബന്ധന പാലിച്ചുള്ള ഇളവ് മാത്രമേ നൽകാനാവുമെന്ന് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു
കോവിഡ് ഇളവുകളുടെ ഭാഗമായി ഏർപ്പെടുത്തിയ നിബന്ധനകൾ പിൻവലിക്കാനാവില്ലെന്ന് സർക്കാർ. ഡെൽറ്റ വൈറസ് ഭീഷണിയുള്ളതിനാൽ നിബന്ധന പാലിച്ചുള്ള ഇളവ് മാത്രമേ നൽകാനാവുമെന്ന് ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു. പെറ്റി പൊലീസ് എന്ന് ഈ സർക്കാരിന്റെ കാലത്തെ പൊലീസിനെ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു.
ഒരു ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ കടകളിൽ പോകാൻ കഴിയു എന്ന് സർക്കാർ ഉത്തരവ് അശാസ്ത്രീയമാണെന്ന് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം കുറ്റപ്പെടുത്തി .ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് വിരുദ്ധമായ ഉത്തരവ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് കെ. ബാബു പറഞ്ഞു.
നിലവിലെ ഉത്തരവ് മാറ്റാനാകില്ലെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി പൊലീസ് നടപടികളെ ന്യായീകരിച്ചു. കുറച്ച് ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാം. നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോൾ പൊലീസ് ഇടപെട്ടു. അവരുടെ ഉത്തരവദിത്തമാണ് പൊലീസ് നിർവ്വഹിച്ചത്. വാക്സിനേഷൻ പൂർത്തിയാക്കും മുൻപ് മൂന്നാം തരംഗമുണ്ടായാൽ സ്ഥിതി ഗുരുതരമാകുമെന്നും വീണ ജോര്‍ജ് പറഞ്ഞു.
റോഡിൽ ഇറങ്ങുന്ന പെൺകുട്ടികളെ പോലും പൊലീസ് ഭീഷണിപ്പെടുത്തുക ആണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. 50 കൊല്ലം മുമ്പുള്ള കുട്ടൻപിള്ള പോലീസിന്റെ കാലത്തേക്ക് ഈ സർക്കാർ പൊലീസിനെ മടക്കി കൊണ്ടുപോകുന്നു ആളുകളെ പൊലീസ് പീഡിപ്പിക്കുന്നു, ഭയപ്പെടുത്തുന്നു. പുറത്തിറങ്ങാൻ കഴിയാത്ത ആളുകൾ എങ്ങനെ സാധനം വാങ്ങും. ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. കടയിൽ കയറണമെങ്കിൽ ആർ.ടി.പി.സി. ആർ സർട്ടിഫിക്കറ്റ് വേണം. പെറ്റി സർക്കാർ എന്ന് ചരിത്രത്തിൽ ഈ സർക്കാരിന് പേര് വരുമെന്നും സതീശന് പറഞ്ഞു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.