'നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ചെലവ് ധൂർത്ത് അല്ല'; മുഖ്യമന്ത്രി
|സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കേന്ദ്രസർക്കാരിന്റെ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കേരളീയം കേരളത്തിന്റെ മഹോത്സവമായി ജനം ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം ഉണ്ടായി. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ച പരിപാടിക്കായി ആയിരക്കണക്കിന് പേർ കഠിനാധ്വാനം ചെയ്തു. പരിപാടിയിൽ ഉണ്ടായ ചെറിയ പിഴവുകൾ അടുത്ത വർഷം തിരുത്തും. അടുത്ത കേരളീയത്തിനുള്ള തയാറെടുപ്പ് ആരംഭിച്ചെന്നും അതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പ് സെക്രട്ടറിമാർ ഉള്‍പ്പെടുന്നതാണ് സമിതി. കൂടുതൽ മികവോടെ കേരളത്തിന് മുന്നിൽ അടുത്ത കേരളീയത്തെ അവതരിപ്പിക്കും. കേരളീയം ബഹിഷ്കരിച്ച് നിന്നവരെ ഉപദേശിക്കണമെന്നും അദ്ദഹം പറഞ്ഞു.
കേരളീയം ധൂർത്ത് ആണെന്ന് പറഞ്ഞവരുണ്ട്, എന്നാൽ നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ചെലവ് ധൂർത്ത് അല്ല. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കേന്ദ്രസർക്കാരിന്റെ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിക്കിടയിലും ക്ഷേമ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റവന്യൂ കമ്മി ഒരു ശതമാനത്തിന് താഴെ എത്തിയത് ചരിത്രത്തിൽ ആദ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എങ്ങനെ നാടിനെ അപകീർത്തിപ്പെടുത്താൻ കഴിയും എന്നാണ് പ്രതിപക്ഷ നേതാവ് പരിശോധിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണർ അനാവശ്യമായി ബില്ലുകൾ പിടിച്ച് വയ്ക്കാൻ പാടില്ലെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാടാണ് ഗവർണർക്കെന്നും അദ്ദേഹത്തിന് പല ലക്ഷ്യങ്ങളുണ്ടാകുമെന്നും അത് കണ്ടറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിദാരിദ്ര നിർമാർജനത്തിനായി നടത്തിയ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിദരിദ്ര വിഭാഗത്തിലെ 49000 കുടുംബങ്ങളിൽ നിന്ന് 47.89 ശതമാനത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനായി. 3658 കുടുംബങ്ങളാണ് അതിദാരിദ്ര്യാവസ്ഥയിൽ നിന്ന് മോചിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും ചുട്ടുകരിക്കുന്നത് ഫാസിസമാണെന്നും സാംസ്കാരിക മേഖലയിലെ നിക്ഷേപം യുവതലമുറക്കാണെന്നും പറഞ്ഞ അദ്ദേഹം ഭരണനിർവഹത്തിലെ പുതിയ അധ്യായമായിരിക്കും നവകേരള സദസെന്നും കൂട്ടിച്ചേർത്തു.