മന്ത്രിമാര്‍ ആരൊക്കെ; തീരുമാനം ഇന്ന്
|സിപിഎമ്മിന്‍റെയും സിപിഐയുടേയും എന്‍സിപിയുടേയും നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും
സിപിഎമ്മിന്‍റെയും സിപിഐയുടേയും എന്‍സിപിയുടേയും മന്ത്രിമാരെ ഇന്ന് തീരുമാനിക്കും. മൂന്ന് പാര്‍ട്ടികളുടേയും നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ചേരും. പുതുമുഖങ്ങളെ മന്ത്രിമാരാക്കാനുള്ള ചര്‍ച്ചകളാണ് സിപിഎമ്മിലും സിപിഐയിലും നടക്കുന്നത്. നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എല്‍ഡിഎഫ് യോഗവും വൈകീട്ട് ചേരും.
പിണറായി വിജയനും, കെ കെ ശൈലജയും ഒഴികെയുള്ളവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടെന്നാണ് സിപിഎം നേതൃത്വത്തിലെ ധാരണ. ബാക്കിയുള്ള 10 മന്ത്രിമാരേയും സ്പീക്കറേയുമാണ് സിപിഎമ്മിന് തീരുമാനിക്കേണ്ടത്. സ്ഥാനാർഥി പട്ടിക പോലെ മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനാണ് സിപിഎമ്മിന്‍റെ ആലോചന. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സമിതി യോഗങ്ങള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി.ഗോവിന്ദനും കെ രാധാകൃഷ്ണനും മന്ത്രിമാരാകും. സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ എൻ ബാലഗോപാലും എം പി രാജീവ് മന്ത്രിയാകുമെന്ന് ഉറപ്പ്. പാലക്കാട് നിന്ന് എം ബി രാജേഷ് മന്ത്രിയാകും. സംസ്ഥാന സമിതി അംഗം സജി ചെറിയാനാകും ആലപ്പുഴയുടെ പ്രതിനിധി. ആറന്മുള എംഎൽഎ വീണാ ജോർജിനെ മന്ത്രി സ്ഥാനത്തിനു പുറമേ സ്പീക്കർ പദവിയിലും പരിഗണിക്കുമെന്നാണ് സൂചന. സ്പീക്കര്‍ സ്ഥാനത്തേക്ക് കെ ടി ജലീലിനും സാധ്യതയുണ്ട്. നേമം പിടിച്ചെടുത്ത വി.ശിവൻകുട്ടി തന്നെയാകും തിരുവനന്തപുരത്തിൻ്റെ പ്രതിനിധി. സിഐടിയു നേതാവ് നന്ദകുമാർ, സിപിഎം സ്വതന്ത്രൻ അബ്ദുറഹ്മാൻ എന്നീ പേരുകളാണ് മലപ്പുുറത്തു നിന്ന് പരിഗണനയിൽ. സിപിഎം സംസ്ഥാന സമിതി അംഗവും കോട്ടയം ജില്ലാ മുൻ സെക്രട്ടറിയുമായ വി എൻ വാസവനും മന്ത്രിയാകും. ടി.പി. രാമകൃഷ്ണൻ, എം.എം. മണി, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരെ ഒഴിവാക്കും.
സിപിഐയിൽ നിന്ന് കെ രാജനും പി. പ്രസാദും മന്ത്രിമാരാകും. നാദാപുരം എംഎൽഎ ഇ.കെ.വിജയൻ, പി.എസ്.സുപാൽ, ചിഞ്ചു റാണി, നെടുമങ്ങാട് എംഎൽഎ ജി.ആർ. അനിൽ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും.
സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം രാവിലെ ചേരുന്നുണ്ട്.എന്‍സിപിയുടെ നേതൃയോഗം ചേര്‍ന്ന് എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവരില്‍ ഒരാളെ മന്ത്രിയായി തീരുമാനിക്കും.