കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലുതകർത്ത് യുവാവ് പുറത്തേക്ക് ചാടി: ഓടിച്ചിട്ട് പിടിച്ച് യാത്രക്കാർ
|ബസ് മറിയുന്നതായി തോന്നിയത് കൊണ്ടാണ് ചില്ലുതകർത്ത് പുറത്തേക്ക് ചാടിയതെന്ന് യുവാവ് പറഞ്ഞു. ലഹരിക്ക് അടിമയെന്ന് പൊലീസ്
കോഴിക്കോട്: താമരശേരി ഈങ്ങാപ്പുഴയിൽ കെ.എസ്.ആർ.ടി.സി ഗരുഡ ബസിന്റെ ചില്ല് തകർത്ത് യാത്രക്കാരൻ പുറത്തേക്ക് ചാടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയാണ് സീറ്റിന് സമീപമുള്ള ചില്ല് തകർത്ത് പുറത്തേക്ക് ചാടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ യാത്രക്കാർ പിടികൂടി. ഇയാൾ ലഹരിക്ക് അടിമയെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ യുവാവിനെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട ബസിലായിരുന്നു സംഭവം. നിരന്തരം ലഹരി ഉപയോഗിക്കുന്നയാളാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. ബസ് മറിയുന്നതായി തോന്നിയത് കൊണ്ടാണ് ചില്ലുതകർത്ത് പുറത്തേക്ക് ചാടിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ, പുറത്തെത്തിയപ്പോഴാണ് ബസ് മറിഞ്ഞിട്ടില്ലെന്ന് മനസിലായത്. ഇതോടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന്, യാത്രക്കാർ ഇറങ്ങി ഇയാളെ ഓടിച്ചിട്ട് പിടികൂടുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഏറെ വർഷക്കാലമായി ബെംഗളൂരുവിൽ ജോലി ചെയ്യുന്നയാളാണ്. രണ്ടുമൂന്ന് ദിവസമായി വീട്ടിലും പരസ്പര ബന്ധമില്ലാതെയാണ് ഇയാൾ സംസാരിക്കുന്നതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ താമരശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.