യു.എ.ഇയിൽ യുവാവിന് ക്രൂരമർദനം; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സൂചന
|റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ജവാദിനെ പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു
കോഴിക്കോട്: പന്തിരിക്കര സ്വദേശിയായ യുവാവിന് വിദേശത്ത് സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ക്രൂര മര്‍ദനമേറ്റു. പന്തിരിക്കര കുയ്യണ്ടം സ്വദേശിയായ പുത്തലത്ത് മുഹമ്മദ് ജവാദിനാണ് മർദനമേറ്റത് .യുഎഇ അജ്മാനിലെ താമസസ്ഥലത്തു നിന്നും ജവാദിനെ തട്ടികൊണ്ടുപോയി മർദിക്കുകയായിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന് ജവാദ് പറയുന്നു.റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട ജവാദിനെ പൊലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ജവാദ് പറയുന്നു. മെയ് 28 നാണ് സംഭവം നടക്കുന്നത്. കായണ്ണ സ്വദേശിയായ യുവാവ് യു.എ.ഇയിൽ നിന്ന് നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ 65 ലക്ഷം രൂപയുടെ സ്വർണം ഉടമക്ക് നൽകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഈ യുവാവും ജവാദും തമ്മിൽ നേരത്തെ പരിചയമുണ്ട്. തട്ടിപ്പിൽ ജവാദിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയി മർദിച്ചിരുന്നു. എന്നാൽ ജവാദിന് പങ്കില്ലെന്ന് കണ്ടാണ് പിന്നീട് വിട്ടയച്ചത്.
തന്നെ നാലുദിവസം കെട്ടിയിട്ട് മർദിച്ചെന്നും തലക്ക് സാരമായി മുറിവേറ്റെന്നും ജവാദ് പറയുന്നു. മർദന രംഗങ്ങൾ ചിത്രീകരിച്ച് കുടുംബാംഗങ്ങൾക്ക് വീഡിയോ കോള്‍ വഴി കാണിച്ചുകൊടുക്കുകയും ചെയ്തു. നാട്ടിലെത്തിയ ശേഷം ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നാണ് പെരുവണ്ണാമുഴി പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.