വൈദികനായി ചമഞ്ഞ് വ്യവസായിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍
|മൂന്നാറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്
തൊടുപുഴ: വൈദികനായി ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയായ വ്യവസായിയിൽ നിന് 34 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റില്‍. തൊടുപുഴ ആരക്കുഴ സ്വദേശി ലക്ഷ്മി ഭവനിൽ അനിൽ.വി.കൈമൾ ആണ് പിടിയിലായത്. മൂന്നാറിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ബോസിൻ്റ പക്കൽ നിന്നും പണം തട്ടുകയായിരുന്നു.
മെയ് 19 നായിരുന്നു തട്ടിപ്പ് നടന്നത്. ഫാ.പോൾ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയും അടിമാലിയിലേക്ക് പണവുമായെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. പണം കൈപ്പറ്റിയ ശേഷം അനിൽ കടന്നു കളഞ്ഞെന്നാണ് വ്യവസായിയുടെ പരാതി. ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ്, ഡി.വൈ.എസ്.പി ബിനു ശ്രീധർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൈസൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇയാളിൽ നിന്ന് ആറരലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.