പെട്രോൾ പമ്പിൽ യുവാക്കളുടെ അക്രമം; ജീവനക്കാർക്ക് ക്രൂര മർദനം
|ബൈക്ക് റേസ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തിരുവനന്തപുരം: ഉള്ളൂരില്‍ പമ്പ് ജീവനക്കാർക്ക് നേരെ ആക്രമണം. ബൈക്ക് റേസ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പരിക്കേറ്റ സൂപ്പര്‍വൈസര്‍ രാജേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് പെട്രോൾ അടിക്കാനായി ഒരു യുവാവ് ഉള്ളൂർ സിവില്‍ സപ്ലൈസ് പെട്രോള്‍ പമ്പിൽ എത്തുന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ ബൈക്ക് റേസ് ചെയ്തപ്പോൾ പമ്പ് ജീവനക്കാർ വിലക്കി. ഇത് വാക്കുതർക്കത്തിലേക്ക് മാറി. രോഷാകുലനായ യുവാവ് പമ്പിൽ നിന്ന് മടങ്ങി. ശേഷം ഇയാൾ രണ്ട് പേരെയും കൂട്ടി തിരിച്ചെത്തി.
നേരത്തെ ബൈക്ക് റേസ് ചെയ്യുന്നത് വിലക്കിയ ജീവനക്കാരൻ വിശാഖിനെ ഇവർ വളഞ്ഞിട്ട് ആക്രമിച്ചു. പിടിച്ചു മാറ്റാനെത്തിയ മറ്റുള്ളവരെയും ഇവർ മർദിച്ചു. ഇതുകഴിഞ്ഞ് തിരിച്ചുപോയ ഇവർ അഞ്ചംഗ സംഘമായി തിരിച്ചെത്തി ജീവനക്കാരെ വീണ്ടും മർദിച്ചു. അടികൊണ്ട ജീവനക്കാർ സൂപ്പർവൈസറുടെ മുറിയിലേക്ക് ഓടിക്കയറി. അക്രമിസംഘത്തിലൊരാൾ ഈ മുറിയുടെ വാതിൽ പിടിച്ചുവലിച്ചതോടെ ചില്ല് പൊട്ടി.
സൂപ്പർവൈസർ രാജേഷ് കുമാറിന്റെ മുഖത്ത് ചില്ല് തെറിച്ച് ഗുരുതരമായി പരിക്കേറ്റു. രാജേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അക്രമി സംഘം നിരവധി കേസുകളിൽ പ്രതികളാണെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.