കണിയാപുരത്ത് യുവാവിനെ മർദിച്ച സംഭവം; മൊഴി രേഖപ്പെടുത്താതെ പ്രതിക്ക് ജാമ്യം, പൊലീസിന് ഗുരുതര വീഴ്ച
|ആയുധം കൊണ്ട് ആക്രമിക്കാത്തതിനാൽ സ്റ്റേഷൻ ജാമ്യം നൽകാമെന്നാണ് എസ്.ഐയുടെ വിശദീകരണം.
തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘം യുവാവിനെ മർദിച്ച കേസിൽ പൊലീസിന് ഗുരുതര വീഴ്ച. മര്‍ദനമേറ്റയാളുടെ മൊഴി രേഖപ്പെടുത്തും മുമ്പെ പ്രതിക്ക് സ്റ്റേഷന് ജാമ്യം അനുവദിച്ചു. പൊലീസ് നടപടി വിവാദമായതോടെയാണ് മര്‍ദനമേറ്റ അനസിന്റെ മൊഴി രേഖപ്പെടുത്തിയത്.
ആയുധം കൊണ്ട് ആക്രമിക്കാത്തതിനാല്‍ സ്റ്റേഷന് ജാമ്യം നല്‍കാമെന്നാണ് പ്രതിക്ക് ജാമ്യം നല്‍കിയതില്‍ എസ്.ഐയുടെ വിശദീകരണം. സി.ഐ സ്ഥലത്തില്ലാത്തതിനാല്‍ എസ്.ഐക്കായിരുന്നു സ്റ്റേഷന് ചുമതല. അതിനിടെ ജാമ്യത്തിലിറങ്ങിയ ഫൈസലിനെ അജ്ഞാത സംഘം മംഗലപുരം ജംഗ്ഷനിലിട്ട് മര്‍ദിച്ചു.
ഞായറാഴ്ച രാത്രിയാണ് കണിയാപുരം പുത്തന്‍തോപ്പ് സ്വദേശി അനസിന് മദ്യപിച്ചെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനമേല്‍ക്കുന്നത്. സുഹൃത്തുമായി ബൈക്കില്‍ സഞ്ചരിക്കവെ അനസിനെ മസ്താൻമുക്ക് സ്വദേശി ഫൈസലും സംഘവും തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. മംഗലപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുത്തില്ല. പിന്നീട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.