മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ നീക്കം; യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ അറസ്റ്റില്‍
|നവകേരള സദസ്സ് ഇന്നു രാവിലെ കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി
കോഴിക്കോട്: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ അറസ്റ്റില്‍. യൂത്ത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം പ്രസിഡന്‍റ് സിയാദ് ചെറുവണ്ണൂർ, നൗഫൽ എന്നിവരെയാണ് മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അതിനിടെ നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി. വടകരയിലെ പ്രഭാതയോഗമായിരുന്നു ആദ്യ പരിപാടി. രാവിലെ 9 മണിക്ക് വടകര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിച്ചു. മുൻ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും പ്രഭാതയോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു.
ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ആദ്യദിനമായ ഇന്ന് നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, വടകര മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും.
കോഴിക്കോട് കലക്ടറേറ്റില്‍ നവകേരള സദസ്സിനെതിരെ മാവോയിസ്റ് ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ വേദികളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മാവോയിസ്റ് റെഡ് ഫ്ലാഗ് എന്ന പേരിലാണ് കത്ത് ലഭിച്ചത്. സർക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Summary: Youth Congress activist arrested over black flag protest against the CM Pinarayi Vijayan during NavaKerala Sadass in the Kozhikode district