കൊല്ലത്തെ ഡിവൈഎഫ്‌ഐ ആക്രമണം; ചിന്ത ജെറോം നൽകിയ ക്വട്ടേഷനാണെന്ന് യൂത്ത് കോൺഗ്രസ്
|ആരോപണങ്ങൾ തള്ളി ഡിവൈഎഫ്‌ഐ
കൊല്ലം: യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം നൽകിയ ക്വട്ടേഷന്റെ ഭാഗമായാണ് കൊല്ലത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണമെന്ന് യൂത്ത് കോൺഗ്രസ്. ചിന്തയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞുപിടിച്ച് ആക്രമിച്ചെന്നും ആക്രമണം നടന്ന ദിവസം ചിന്തയും അക്രമത്തിൽ പങ്കാളികളായവരും ഒരുമിച്ചിരിക്കുന്ന ദൃശ്യങ്ങൾ ഇതിന് തെളിവാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ ഡിവൈഎഫ്‌ഐ തള്ളി.
വ്യവസായ മന്ത്രി പി.രാജീവിനെ കരിങ്കൊടി കാട്ടാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ചൊവ്വാഴ്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചിരുന്നു. ഗുണ്ടകളുടെ സഹായത്തോടെയാണ് ആക്രമണമെന്ന് ആരോപിച്ചതിന് പിന്നാലെയാണ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
ചിന്ത ജെറോമുമായി ബന്ധപ്പെട്ട റിസോർട്ട് വിവാദത്തിൽ പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തെയാണ് പ്രധാനമായും ഡിവൈഎഫഐ പ്രവർത്തകർ മർദിച്ചത്. ചിന്തയ്‌ക്കെതിരെ പരാതി നൽകിയത് നീയല്ലെ എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു.
സംഭവദിവസം ചിന്തയും അക്രമത്തിൽ പങ്കാളികളായവരും ഡിവൈഎഫ്‌ഐ ഓഫീസിൽ ഒരുമിച്ചിരുന്ന് പാട്ടുപാടുന്ന ദൃശ്യങ്ങൾ ഇതിന് തെളിവാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ ഡിവൈഎഫ്‌ഐ നിഷേധിച്ചു.ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ക്രിമിനൽ കേസുകൾ ചൂണ്ടികാട്ടി ഡിജി പിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഡിവൈഎഫ്‌ഐ.