മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്; സോണിയാ ഗാന്ധിക്ക് കത്തയച്ചു
|കെപിസിസി, ഡിസിസി, യൂത്ത് കോൺഗ്രസ് ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും ഒരു വിഭാഗം ഭാരവാഹികൾ ആവശ്യപ്പെട്ടു
കോൺഗ്രസിൽ അടിമുടി അഴിച്ചുപണി വേണമെന്ന് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ എന്നിവരെ സ്ഥാനത്തുനിന്നു മാറ്റണമെന്നും ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു.
ഒരു വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ചേർന്നാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ചരിത്ര പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ പാർട്ടിയുടെ സ്ഥിതി സംസ്ഥാനത്ത് ഇനിയും മോശമാകും. കെപിസിസി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും യുഡിഎഫ് കൺവീനറെയും സ്ഥാനത്തുനിന്ന് നീക്കണം. കെപിസിസിക്ക് പുറമെ ഡിസിസി, യൂത്ത് കോൺഗ്രസ്, കെഎസ്യു, ഐഎൻടിയുസി ജംബോ കമ്മിറ്റികൾ പിരിച്ചുവിടണം. ബൂത്തുതലം മുതൽ അഴിച്ചുപണി വേണം. അർഹരായവരെ ബൂത്തുതലം മുതൽ ഭാരവാഹികളാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
കോൺഗ്രസ് പ്രസിഡന്റിനു പുറമെ രാഹുൽ ഗാന്ധിക്കും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും കേരളത്തിന്റെ ചുമതല വഹിക്കുന്ന താരിഖ് അൻവറിനും കത്തയച്ചിട്ടുണ്ട്. കത്തിൽ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവരുടെ നിലപാടുകൾ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. ഗ്രൂപ്പ് ഭേദമന്യേ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ മൗനസമ്മതത്തോടെയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതെന്നാണ് വിവരം.