കളമശേരിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം: വനിതാ പ്രവർത്തകയെ പൊലീസ് കയ്യേറ്റം ചെയ്തു
|പുരുഷ പൊലീസ് ഉദ്യോഗസ്ഥർ തള്ളിയും തലയ്ക്കടിച്ചുമാണ് വനിതാ പ്രവർത്തകയെ വണ്ടിക്കുള്ളിലേക്ക് കയറ്റിയത്
കളമശേരി: എറണാകുളം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ആലുവയിൽ നിന്ന് അങ്കമാലിയിലേക്കുള്ള റോഡിൽ കളമശേരി ഭാഗത്ത് വച്ച് അപ്രതീക്ഷിതമായാണ് പ്രതിഷേധമുണ്ടായത്. സമീപത്തുള്ള കടയുടെ പാർക്കിംഗിൽ കാത്തുനിന്ന പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ശബ്ദം കേട്ടതിന് തൊട്ടുപിന്നാലെ റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രവർത്തകരായ ആൺകുട്ടികളെ പിടിച്ചു മാറ്റാൻ പൊലീസുകാരുണ്ടായിരുന്നെങ്കിലും വനിതാ പൊലീസുകാരില്ലാതിരുന്നതിനാൽ പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ അറസ്റ്റ് ചെയ്തു നീക്കാൻ വൈകി. അതുകൊണ്ടു തന്നെ വാഹനവ്യൂഹം കടന്നു പോകുന്നത് വരെ പ്രതിഷേധിക്കാൻ പ്രവർത്തകർക്കായി. എന്നാൽ പ്രതിഷേധിച്ച എല്ലാവരെയും തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പുരുഷ പൊലീസ് ഉദ്യോഗസ്ഥർ തള്ളിയും തലയ്ക്കടിച്ചുമാണ് വനിതാ പ്രവർത്തകയായ മിവ ജോളിയെ വണ്ടിക്കുള്ളിലേക്ക് കയറ്റിയത്.
ഇന്ന് രാവിലെയും അങ്കമാലിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടായിരുന്നു. സ്റ്റുഡന്റ് സമ്മിറ്റുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങവേയായിരുന്നു പ്രതിഷേധം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം.