പാലക്കാട് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി
|ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
പാലക്കാട്: കൊച്ചിക്ക് പിന്നാലെ പാലക്കാടും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇവരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇന്നു രാവിലെ തൃശൂർ മണ്ണുത്തിയിലെ പരിപാടി കഴിഞ്ഞ് പാലക്കാട്ടേക്ക് വരുന്നവഴി പന്നിയങ്കര ടോൾപ്ലാസയ്ക്ക് സമീപം വച്ചാണ് അഞ്ചിലേറെ വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി കരിങ്കൊടി കാണിച്ചത്.
ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് രാവിലെ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു.
ഇവർ ഇപ്പോഴും പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലാണുള്ളത്. മുഖ്യമന്ത്രിക്ക് ഇനി വൈകീട്ട് നാലിന് പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമുണ്ട്. ഇവിടെയും പ്രതിഷേധവും ഉണ്ടാവുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം കൊച്ചിയിലടക്കമുള്ള ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ഇത്തരമൊരു സാഹചര്യം പാലക്കാടും ഉണ്ടാവാതിരിക്കാനാണ് ഏഴ് പേരെ കരുതൽ തടങ്കലിൽ വച്ചത്.