യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ദുർബലം; 25% ബൂത്തുകളിലും പ്രവർത്തകരില്ല, 40 ശതമാനത്തിലും കമ്മിറ്റിയില്ല, സംഘടനയെ ചലിപ്പിക്കാൻ യങ്ങ് ഇന്ത്യാ കാമ്പയിൻ
|ആറ് ജില്ലകളിലെ 61 നിയോജക മണ്ഡലം കമ്മിറ്റികളില്‍ സിറ്റിങ് പൂർത്തിയാക്കി
കൊച്ചി: താഴേതട്ടില്‍ അപ്രത്യക്ഷമായ യൂത്ത് കോണ്‍ഗ്രസിനെ ശാഖാ തലത്തില്‍ പുനഃസംഘടിപ്പിക്കാനുള്ള കഠിന ശ്രമങ്ങളുമായി സംസ്ഥാന നേതൃത്വം. കാസർകോട്ടുനിന്ന് ആരംഭിച്ച യങ്ങ് ഇന്ത്യാ കാമ്പയിന്‍ ആറ് ജില്ലകളിലെ 61 നിയോജക മണ്ഡലം കമ്മിറ്റികളില്‍ സിറ്റിങ് പൂർത്തിയാക്കി. ഒരു ബൂത്തില്‍നിന്ന് ഒരു പ്രതിനിധിക്കാണ് സിറ്റിങ്ങിലേക്ക് ക്ഷണം. മലബാറിലെ 30 ശതമാനം ബൂത്തുകളില്‍നിന്ന് ഒരു പ്രവർത്തകന്‍ പോലും സിറ്റിങ്ങിലേക്ക് എത്തിയില്ല. ശക്തമായ ഗ്രൂപ്പിസം മൂലം മലപ്പുറം ജില്ലയില്‍ സംഘടനാ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യപ്പെട്ടു. വോട്ടർപട്ടികയില്‍ പേര് ചേർക്കാന്‍ പോലും അറിയാത്തവരാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളിൽ പലരുമെന്ന സത്യവും യൂത്ത് കോൺഗ്രസ് നേതാക്കൾ തിരിച്ചറിഞ്ഞു.
കടലാസില്‍ മാത്രമുള്ള മണ്ഡലം പ്രസിഡന്റുമാരെ സിറ്റിങ്ങില്‍ വെച്ചു തന്നെ മാറ്റി പുതിയവരെ നിയമിക്കുകയാണ്. പ്രവർത്തകരുടെ സമ്പൂർണ ഡാറ്റയും സിറ്റിങ്ങില്‍ ശേഖരിക്കുന്നുണ്ട്. ശാഖാതലം മുതലുള്ള പ്രവർത്തനം സമ്പൂർണമായി ആപ് വഴി ഓഡിറ്റ് ചെയ്യാവുന്ന പുതിയ സംവിധാനവും പ്രവർത്തകരെ പഠിപ്പിക്കുന്നുണ്ട്.
സാധാരണ കോണ്‍ഗ്രസ് യോഗങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് യങ്ങ് ഇന്ത്യാ കാമ്പയിന്‍ ക്രമീകരിച്ചിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു സിറ്റിങ്ങാണ് നടക്കുന്നത്. മൂന്നു മണിക്കൂർ നീളുന്ന സിറ്റിങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, സഹഭാരവാഹികളായ അബിന്‍ വർക്കി, ഒ.ജെ. ജനീഷ്, അനുതാജ്, ജോമോന്‍ ജോസ്, അബ്ദുറഷീദ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
മൂന്നുമണിക്കൂർ യോഗത്തില്‍ സംഘടനാ വിഷയമല്ലാതെ പ്രസംഗങ്ങളൊന്നും അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ അവസരമില്ല. ആദ്യത്തെ ഒരു മണിക്കൂറില്‍ ബൂത്ത് പ്രതിനിധികളുടെ മൊബൈല്‍ നമ്പർ, രക്ത ഗ്രൂപ്പ്, വിദ്യാഭ്യാസ വിവരങ്ങള്‍ തുടങ്ങിയ സമ്പൂർണ ഡാറ്റ ശേഖരിക്കും. ഇതിനായി ആപ്പ് സജ്ജീകരിച്ചിട്ടുണ്ട്. സംഘടന നിശ്ചയിച്ച ടെക്നിക്കല്‍ ടീമും സിറ്റിങ്ങിലേക്ക് എത്തും.
120 മുതല്‍ 200 വരെ ബൂത്തുകളാണ് ഒരു നിയോജക മണ്ഡലത്തിലുള്ളത്. ഓരോ ബൂത്തിനെയും പ്രതിനിധീകരിച്ച് എത്തിയവരില്‍ വ്യാജന്‍മാരുണ്ടോയെന്ന് വോട്ടർപട്ടിക പരിശോധിച്ച് ഉറപ്പുവരുത്താനും ടെക്നിക്കല്‍ ടീം ശ്രദ്ധിക്കും. ഇത്തരത്തില്‍ പല വ്യാജന്‍മാരെയും കണ്ടെത്തുകയും ചെയ്തു. ആദ്യത്തെ ഏതാനും സിറ്റിങ്ങുകള്‍ക്ക് ശേഷം പ്രതിനിധികളില്ലാത്ത ബൂത്തുകളുടെ എണ്ണം കൂടി.
മലബാറിലെ 61 നിയോജകമണ്ഡലം കമ്മിറ്റികളിലെ സിറ്റിങ് പൂർത്തിയായപ്പോള്‍ 25 ശതമാനം ബൂത്തുകളില്‍ പ്രവർത്തനമില്ലെന്ന് വ്യക്തമായി. 40 ശതമാനം ബൂത്തുകളില്‍ ഔദ്യോഗിക കമ്മിറ്റികളുമില്ല. ബൂത്തുതല പ്രവർത്തനം ആപ്പ് മുഖേന സംസ്ഥാന നേതൃത്വം നിരന്തരം പരിശോധിക്കുമെന്ന് അറിയിച്ചതോടെ മണ്ഡലം പ്രസിഡന്റുമാർക്ക് സമ്മർദ്ദമേറി.
തത്സമയം ഭാരവാഹികളെ മാറ്റും
നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് /നഗരസഭാ പ്രസിഡന്റുമാരുടെ യോഗവും സിറ്റിങ്ങിന്റെ ഭാഗമായി ചേരുന്നുണ്ട്. സ്ഥലത്തില്ലാത്തവരോ പ്രവർത്തിക്കാത്തവരോ ആയ പ്രസിഡന്റുമാരെ അപ്പോള്‍ തന്നെ മാറ്റുകയാണ്. സിറ്റിങ്ങില്‍ വെച്ച് തന്നെ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുന്നുണ്ട്. 61 സിറ്റിങ്ങുകള്‍ പൂർത്തിയായപ്പോള്‍ 21 പ്രസിഡന്റുമാരെ മാറ്റിക്കഴിഞ്ഞു. 12 ജില്ലാ ഭാരവാഹികളെയും മാറ്റി പുതിയവരെ നിശ്ചയിച്ചു.
പ്രവർത്തകരെ നേരില്‍ കേള്‍ക്കും
സാമൂഹ്യമാധ്യമത്തിലെ കോണ്‍ഗ്രസ് വളണ്ടിയറാവാൻ താത്പര്യമുള്ളവരെ സംസ്ഥാന നേതൃത്വം നേരിട്ട് തെരഞ്ഞെടുക്കുകയാണ്. താത്പര്യമുള്ളവരോട് കൈ പൊക്കാന്‍ ആവശ്യപ്പെടും. ഒരു നിയോജക മണ്ഡലത്തില്‍നിന്ന് പത്ത് പേരെയാണ് ഇങ്ങനെ തെരഞ്ഞെടുക്കുന്നത്.
പുതിയ പ്രവർത്തന കലണ്ടർ
ബൂത്ത് പ്രതിനിധികള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രവർത്തന കലണ്ടർ നല്‍കുന്നുണ്ട്. 15 ദിവസത്തിനകം കുറഞ്ഞത് അഞ്ചു പേരെയെങ്കിലും ചേർത്ത് ബൂത്ത് കമ്മിറ്റിയുണ്ടാക്കണം. ബൂത്ത് കമ്മിറ്റി അംഗങ്ങളുടെ വിശദാംശങ്ങള്‍ സംഘടനാ ആപ്പില്‍ രേഖപ്പെടുത്തണം. ചിത്രവും അപ്ലോഡ് ചെയ്യണം.
ആഗസ്റ്റ് ഒമ്പതിനാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം. ബൂത്തില്‍ സംഘടനയുടെ കൊടി സ്ഥാപിക്കണം. ആഗസ്റ്റ് 15ന് നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ അഞ്ച് കിലോമീറ്റർ പദയാത്ര സംഘടിപ്പിക്കണം. ബൂത്ത് പ്രസിഡന്റുമാർ അടക്കം 500 പേർ പദയാത്രയില്‍ പങ്കെടുക്കണം.
ദൗർബല്യങ്ങള്‍ തെളിഞ്ഞുകണ്ടു
മലബാറില്‍ സിറ്റിങ് പൂർത്തിയായപ്പോള്‍ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ സംഘടനയുടെ സ്ഥിതി അതീവ ദയനീയമാണെന്ന് വ്യക്തമായി. അഞ്ചിടത്തും 50 ശതമാനം ബൂത്തുകളെ പോലും പ്രതിനിധീകരിക്കാന്‍ ആളുണ്ടായില്ല. ഈ അഞ്ച് മണ്ഡലങ്ങളിലും വീണ്ടും സിറ്റിങ് നടത്തും. മലപ്പുറം ജില്ലയിലെ ശക്തമായ വിഭാഗീയത സംഘടന പ്രവർത്തനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്തും എ.പി. അനില്‍കുമാറും നേർക്കുനേർ ഏറ്റുമുട്ടുന്നതിനാല്‍ സിറ്റിങ്ങിന് ചില തടസ്സങ്ങളുമുണ്ടായി.
പുതിയ പാഠങ്ങള്‍
ബൂത്ത് പ്രതിനിധികളായി സിറ്റിങ്ങിന് എത്തിയവരിൽ 20 ശതമാനം പേർ ആദ്യമായി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നവരാണ്. രാഹുല്‍ ഗാന്ധിയാണ് പലരുടെയും പ്രചോദനം. സംഘടനയില്‍ നേരത്തേ പ്രവർത്തിക്കുന്നവർക്ക് തന്നെ വോട്ടർപട്ടിക പോലുള്ളതിനെ കുറിച്ച് പ്രാഥമിക ധാരണ പോലുമില്ല. വോട്ടർപട്ടികയില്‍ പേര് ചേർക്കാനും സിറ്റിങ്ങില്‍ വെച്ച് പഠിപ്പിക്കുന്നുണ്ട്. വോട്ടർമാരെ ചേർക്കുന്നവർക്ക് പ്രത്യേക സമ്മാന പദ്ധതിയും പ്രഖ്യാപിച്ചു.
പാലക്കാട്ട് കാര്യങ്ങള്‍ അത്ര നന്നല്ല
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമായതോടെ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവരുടെ ശക്തമായ എതിർപ്പുണ്ട്. യൂത്ത് കോണ്‍ഗ്രസ് യംഗ് ഇന്ത്യാ കാമ്പയിനോടും പാലക്കാട്ട് നിസ്സഹകരണമുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രബല വിഭാഗം തന്നെ മാറിനിന്നത് പങ്കാളിത്തത്തെ ബാധിച്ചു.
യംഗ് ഇന്ത്യാ കാമ്പയിനിന്റെ രണ്ടാംഘട്ടം ജൂലൈ 26ന് ആരംഭിക്കും. തൃശൂർ മുതല്‍ ആലപ്പുഴ വരെയാണ് രണ്ടാംഘട്ടം. പത്തനംതിട്ട മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സിറ്റിങ് മൂന്നാംഘട്ടത്തിലും നടക്കും.
മഹിളാ കോണ്‍ഗ്രസാണ് മാതൃക
കാമ്പയിന്‍ തുടങ്ങിയപ്പോള്‍ തന്നെ സംഘടനാ അടിത്തട്ടിലെ യഥാർത്ഥ ചിത്രം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായി. ഒരു ബൂത്തില്‍ ഒരു പ്രവർത്തകന്‍ എന്ന ഏറ്റവും പരിമിതമായ ലക്ഷ്യമാണ് നേതൃത്വം ലക്ഷ്യമിടുന്നത്. 70 ശതമാനം ബൂത്തുകളിലെങ്കിലും ഒരു പ്രവർത്തകന്‍ വീതം സജീവമായാല്‍ അത്ഭുതം സംഭവിക്കുമെന്ന് നേതൃത്വം കരുതുന്നു. അടിത്തട്ടില്‍ സംഘടനയുണ്ടാക്കാന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തർ നടത്തിയ കഠിനാധ്വാനമാണ് യൂത്ത് കോണ്‍ഗ്രസിന് മാതൃക. 285 ബ്ലോക്ക് കമ്മിറ്റികളിലും ജെബി മേത്തർ നേരിട്ട് പങ്കെടുത്തിരുന്നു. ജംബോ കമ്മിറ്റികള്‍ മാറ്റി പ്രവർത്തിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി സംസ്ഥാനതലം വരെ കമ്മിറ്റിയുണ്ടാക്കി. കോണ്‍ഗ്രസ് നേതാക്കളെ ആശ്രയിക്കാതെ സ്വന്തം നിലയില്‍ പ്രവർത്തിക്കുന്ന സംവിധാനമായി മഹിളാ കോണ്‍ഗ്രസിനെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തിലാണ് നേതൃത്വം.
ശാസ്ത്രീയമായ സംഘടനാ സംവിധാനം ശക്തമാക്കാനുള്ള ക്യാമ്പുകളും പഠന ശിബിരങ്ങളും നടത്തുന്ന തിരക്കിലാണ് മഹിളാ കോണ്‍ഗ്രസ്. ഈ മാതൃക പിന്‍പറ്റാനുള്ള ശ്രമത്തിലാണ് യൂത്ത് കോണ്‍ഗ്രസ്. ഗ്രൂപ്പ് അതിപ്രസരം കാരണം കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമാവുമോ എന്നത് കണ്ടറിയണം.