കുറ്റിപ്പുറത്ത് വിജയിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ കാണാനില്ലെന്ന് ആരോപണം
|തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ടും മണ്ഡലം പ്രസിഡന്റായ മുഹമ്മദ് റാഷിദ് പ്രവർത്തകർക്കിടയിലേക്ക് വരുന്നില്ലെന്നാണ് വിമർശനം
തിരൂർ: മലപ്പുറം കുറ്റിപ്പുറത്ത് സംഘടനാ തെരഞ്ഞെടുപ്പിൽ വിജയിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ കാണാനില്ലെന്ന് ആരോപണം. മണ്ഡലം പ്രസിഡന്റായ മുഹമ്മദ് റാഷിദ് ആരാണെന്ന് അറിയില്ലെന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച പി.പി മുസ്തഫ പറഞ്ഞു. മണ്ഡലം പ്രസിഡന്റിനെ അന്വേഷിച്ചു നടക്കേണ്ട അവസ്ഥയിലാണ് പ്രവർത്തകരെന്നാണ് ആരോപണം.
വോട്ടെടുപ്പിൽ 274 വോട്ട് നേടിയാണ് മുഹമ്മദ് റാഷിദ് മണ്ഡലം പ്രസിഡന്റായത്. എന്നാൽ ഇങ്ങനെ ഒരാളെ തങ്ങൾക്ക് പരിചയമില്ലെന്നും മണ്ഡലം പ്രസിഡന്റ് ആരാണെന്ന് ആർക്കും അറിയില്ലെന്നുമാണ് രണ്ടാം സ്ഥാനത്തെത്തിയ പി.പി മുസ്തഫ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പാർട്ടി ഒന്നിച്ച് തീരുമാനമെടുത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്തഫ പുഴനംബ്രത്തിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് മുഹമ്മദ് റാഷിദ് എന്ന പേരിൽ മത്സര പട്ടികയിൽ ഒരു പേര് കൂടി കടന്നു വന്നത്. മത്സരഫലം പുറത്തുവന്നതോടെ കാണാമറയത്തിരുന്ന ഈ സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ടും ഇദ്ദേഹം പ്രവർത്തകർക്കിടയിലേക്ക് വരുന്നില്ലന്നാണ് ആരോപണം. യൂത്ത് കോൺഗ്രസിനെ തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യമുയരുന്നത്. അതേസമയം വിഷയത്തിൽ കൃത്യമായ വിശദീകരണം നേതൃത്വം നൽകിയിട്ടില്ല.