യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്
|പൊലീസിന് പരിമിതിയുണ്ടെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്.അന്വേഷണ സംഘം എ.ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണം ഏകോപിപ്പിക്കാൻ പരിമിതിയുണ്ട്. വിശദ അന്വേഷണം അനിവാര്യമാണ്. സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഡി.സി.പി നിധിൻ രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
സംസ്ഥാനം മുഴുവൻ അന്വേഷിക്കാൻ കഴിയുന്ന ക്രൈം ബ്രാഞ്ച് തന്നെ ഇതിനായി വേണമെന്നാണ് അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് എ.ഡി.ജി.പി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. തുടർന്നായിരിക്കും തീരുമാനം. പത്തനംതിട്ടയിലെ അടൂർ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പാണ് ഇതെന്നാണ് ആദ്യഘട്ടത്തിലെ കണ്ടെത്തൽ. എന്നാൽ പിന്നീട് ഇതിന്റെ ഉത്ഭവം കാസർകോട്ട് നിന്നാണെന്ന് കണ്ടെത്തി. കൂടുതൽ ജില്ലകളിൽ തട്ടിപ്പുകൾ നടന്നതായി പിന്നീട് തെളിഞ്ഞു. ഇതോടെയാണ് അന്വേഷണത്തിന് ഇപ്പോഴത്തെ സംഘത്തിന് പരിമിതികളുണ്ടെന്ന നിഗമനത്തിലേക്ക് എത്തിയത്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ പരാതിക്കാരനാക്കിയും പൊലീസ് ഇതിനിടെ കേസെടുത്തിരുന്നു. ആറ് മാസത്തോളം സംസ്ഥാനത്തുടനീളം വ്യാജ കാർഡ് നിർമാണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. വ്യാജ കാർഡ് നിർമിച്ച് സംസ്ഥാന വ്യാപക തട്ടിപ്പ് നടന്നെന്ന നിഗമനത്തിലേക്ക് തെരഞ്ഞെടുപ്പ് ഓഫീസർ എത്തിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം വേണമെന്ന് പൊലീസിനോട് നിർദേശിക്കുകയും ചെയ്തു. ആറ് പേരെ ഇതിനോടകം പ്രതി ചേർത്തിട്ടുണ്ടെങ്കിലും കൂടുതലാളുകൾ പ്രതികളാകുമെന്നാണ് പൊലീസ് പറയുന്നത്.