'ആളുകളെ ഇങ്ങനെ മരിക്കാൻ വിടരുത്'- റോഡിലെ കുഴി അടയ്ക്കാത്തതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ്
|'കേന്ദ്രത്തിന്റെ കുഴിയും സംസ്ഥാനത്തിന്റെ കുഴിയും കൂടി ജനങ്ങളുടെ നടുവൊടിക്കുന്നു'
കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപക സമരത്തിലേക്ക്. സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലാണ് ഇക്കാര്യമറിയിച്ചത്. ' കേന്ദ്രത്തിന്റെ കുഴിയും സംസ്ഥാനത്തിന്റെ കുഴിയും കൂടി ജനങ്ങളുടെ നടുവൊടിക്കുന്നു, ജീവനെടുക്കുന്നു'- അദ്ദേഹം ആരോപിച്ചു.
'വി.ഡി സതീശനെ കൊതുക് കടിക്കാത്തോണ്ടാണോ മന്ത്രീ റോഡിലെ കുഴി അടയ്ക്കാത്തത് ?' മന്ത്രി മുഹമ്മദ് റിയാസിന്റെ വി.ഡി സതീശനെതിരായ പ്രസ്താവയിൽ ഇതായിരുന്നു ഷാഫിയുടെ പ്രതികരണം.
നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായുള്ള പൊതുമരാമത്ത് മുഹമ്മദ് റിയാസിന്റെ പ്രസ്താവനക്കെതിരെ റോജി എം ജോൺ എംഎൽഎയും രംഗത്ത് വന്നിരുന്നു.
'സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു കൊതുകു കടിയുടെ വേദന പോലും വി.ഡി സതീശന് അനുഭവിക്കേണ്ടി വന്നിട്ടില്ല'- എന്നായിരുന്നു റിയാസിന്റെ പ്രതികരണം. ഇതിന് റോജിയുടെ മറുപടി ഇങ്ങനെ: ' വി.ഡി സതീശന് കൊതുകുതിരി മേടിക്കാൻ മന്ത്രിയുടെ സഹായം വേണ്ട'- റോജി പരിഹസിച്ചു. കാര്യം പറയുമ്പോൾ കൊഞ്ഞനം കുത്താതെ വകുപ്പ് മന്ത്രി റോഡിലെ കുഴി അടക്കാൻ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
' പോരായ്മകൾ ചൂണ്ടിക്കാട്ടുമ്പോൾ ഈ നിലവാരത്തിലാണ് മറുപടിയെങ്കിൽ മന്ത്രിസ്ഥാനം ഏത് ക്വോട്ടയിലാണ് കിട്ടിയതെന്ന് ഞങ്ങളും ചോദിക്കേണ്ടി വരും'- ഇങ്ങനെയാണ് റോജിയുടെ പോസ്റ്റ് അവസാനിച്ചത്.
പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോട് കടുത്ത രീതിയിലാണ് റിയാസ് പ്രതികരിച്ചത്. ഒരു മരണത്തെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്. അപകടമുണ്ടായത് ദേശീയ പാതയിലാണെന്ന് അറിഞ്ഞിട്ടും പൊതുമരാമത്തിനും ഇതിൽ പങ്കുണ്ടെന്ന് ആരോപണമുന്നയിക്കുകയാണ്. മരണവീട്ടിൽ വച്ചാണ് അദ്ദേഹമിത് പറഞ്ഞത്. കേന്ദ്ര സർക്കാരിനെ വിമർശിക്കാതെ പ്രതിപക്ഷ നേതാവ് സംസ്ഥാനത്തെ പഴിക്കുകയാണെന്നും അവാസ്ഥവമായ കാര്യങ്ങൾ അദ്ദേഹം പറയുമ്പോൾ തനിക്ക് വാസ്ഥവമായത് പറയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
പ്രീ മൺസൂൺ വർക്ക് നടന്നില്ലെന്നത് വിചിത്രമായ വാദമാണെന്നും പ്രീ മൺസൂൺ വർക്ക് കൃത്യമായി നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.