Kerala
K. Youth Congress leader met complainants to save Sudhakaran, footage out
Kerala

കെ. സുധാകരനെ രക്ഷിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് പരാതിക്കാരെ കണ്ടു, ദൃശ്യങ്ങൾ പുറത്ത്

Web Desk
|
17 Jun 2023 3:59 PM GMT

സുധാകരന്റെ പേര് ഒഴിവാക്കിക്കൊടുക്കണമെന്ന് എബിൻ എബ്രഹാം തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ഷമീർ പറയുന്നത്

കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ സുധാകരനെതിരായ ആരോപണം ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന ആരോപണത്തിൽ ദൃശ്യങ്ങൾ പുറത്ത് വന്നു. പരാതിക്കാരനായ ഷമീർ ക്രൈം ബ്രാഞ്ചിന് നൽകിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് എബിനും കേസിലെ സാക്ഷിയും മോൻസണിന്റെ ഡ്രൈവറുമായ അജിത്തും ഷമീറുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുധാകരന്റെ പേര് ഒഴിവാക്കിക്കൊടുക്കണമെന്ന് എബിൻ എബ്രഹാം തന്നോട് ആവശ്യപ്പെട്ടുവെന്നാണ് ഷമീർ പറയുന്നത്. 2021 ഒക്ടോബറിലാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.


കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. കേസിലെ നിർണായക സാക്ഷിയായ അജിത്തിനേയും കൂട്ടിയാണ് എബിൻ എബ്രഹാം ഷമീറിനെ കാണാനെത്തിയത്. അവിടെ വെച്ച് ചില ഓഫറുകൾ എബിൻ നൽകിയെന്നും ഷമീർ പറയുന്നു. അതേസമയം പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചു. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കുറ്റങ്ങളിൽ പത്തെണ്ണവും കോടതി ശരിവെച്ചിരുന്നു. 5,25,000 രൂപ മോൻസൻ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പിഴയായി ലഭിക്കുന്ന തുക ഇരയായ പെൺകുട്ടിക്ക് ലഭിക്കും.


2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. മോൻസനെതിരെ പോക്‌സോ ആക്ടും ഐപിസി പ്രകാരമുള്ള വകുപ്പുകളും പ്രകാരമാണ് ശിക്ഷ വിധിച്ചത്.



2021ൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മോൺസനെതിരെ അന്വേഷണം പൂർത്തിയാക്കി ഈ വർഷം ജൂൺ 13ന് വിചാരണ പൂർത്തിയാക്കിയിരുന്നു. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.


Similar Posts